മന്ത്രി ഒ.ജെ ജനീഷിന് വീട്ടിൽ നിന്ന് ഭക്ഷണം കൊടുത്തു; തൃശൂരിൽ മുതിർന്ന സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
തൃശൂർ: തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നന്ദി പറയാനെത്തിയ മന്ത്രി ഒ.ജെ ജനീഷിന് വീട്ടിൽ വിരുന്നൊരുക്കിയതിൻ്റെ പേരിൽ മുതിർന്ന സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തൃശൂർ അഷ്ടമിച്ചിറ സ്വദേശിയായ പി.എസ് അബ്ദു റഹ്മാനെതിരെയാണ് സിപിഐ അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചത്.
അബ്ദു റഹ്മാന്റെ പ്രവർത്തനം പാർട്ടി വിരുദ്ധമാണെന്നാണ് ബ്രാഞ്ച് കമ്മിറ്റിയുടെ വിലയിരുത്തൽ. പാർട്ടി അംഗമായ ഒരാളുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടി പൊതുസമൂഹത്തിൽ പാർട്ടിക്ക് വലിയ അപമതിപ്പും അപമാനവും ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കൽ കത്ത് നൽകിയിരിക്കുന്നത്.
അതേസമയം, ഭക്ഷണം നൽകിയതിൻ്റെ പേരിൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി അപ്രതീക്ഷിതവും വേദനാജനകവുമാണെന്ന് അബ്ദു റഹ്മാൻ പ്രതികരിച്ചു. നാട്ടുകാരനും ഏറെ നാളായി അറിയാവുന്നതുമായ ഒരാൾ മന്ത്രിയായി വീട്ടിൽ വന്നപ്പോൾ സൽക്കരിക്കുക മാത്രമാണ് ചെയ്തതെന്നും അതിൽ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മന്ത്രിക്ക് സ്വന്തം വീട്ടിൽ സ്വീകരണം നൽകാൻ കഴിഞ്ഞതിൽ കുറ്റകരമായി ഒന്നും തോന്നിയിട്ടില്ലെന്നും, ഭക്ഷണം കൊടുത്തതിൽ ഒരു തെറ്റും കാണുന്നില്ലെന്നും അബ്ദു റഹ്മാൻ കൂട്ടിച്ചേർത്തു.