12/06/2026
[fontresizer_tawhidurrahmandear_widget]

ബലിപെരുന്നാൾ തലേന്ന് ഗസ്സയിൽ ഇസ്രയേൽ ബോംബാക്രമണം: 9 ഫലസ്തീനികൾ കൊല്ലപ്പെട്ടു

 ബലിപെരുന്നാൾ തലേന്ന് ഗസ്സയിൽ ഇസ്രയേൽ ബോംബാക്രമണം: 9 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഗസ്സ: വെടിനിർത്തൽ കരാറുകൾ ലംഘിച്ച് ബലിപെരുന്നാള്‍ തലേന്നായ ഇന്നലെ ഗസ്സ മുനമ്പിൽ ഇസ്രയേൽ നടത്തിയ വിവിധ ആക്രമണങ്ങളിൽ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിലെ തിരക്കേറിയ വാണിജ്യ മേഖലയിലെ റെസിഡൻഷ്യൽ കെട്ടിടം, കെട്ടിടത്തിന്റെ മേൽക്കൂര, സിവിലിയൻ വാഹനം, അഭയാർത്ഥി ക്യാമ്പ് എന്നിവിടങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഗസ്സ നഗരത്തിന് പടിഞ്ഞാറുള്ള റിമാൽ പരിസരത്തെ റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതേ പ്രദേശത്തെ മറ്റൊരു കെട്ടിടത്തിന്റെ മേൽക്കൂരയിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.

മധ്യ ഗസ്സയിലെ മഗാസി അഭയാർത്ഥി ക്യാമ്പിന് കിഴക്ക് ജനക്കൂട്ടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹങ്ങൾ അൽ-അഖ്‌സ രക്തസാക്ഷി ആശുപത്രിയിലേക്ക് മാറ്റി. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ സിവിലിയൻ വാഹനത്തിന് നേരെ ഇസ്രയേൽ ഡ്രോൺ നടത്തിയ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു. കൂടാതെ, ഖാൻ യൂനിസിലെ മവാസി പ്രദേശത്ത് മുൻദിവസം നടന്ന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 14 വയസ്സുള്ള പെൺകുട്ടിയും മരണത്തിന് കീഴടങ്ങി. റഫ, ഖാൻ യൂനിസ് തീരങ്ങളിൽ ഇസ്രയേൽ നാവികസേനയും വെടിയുതിർത്തു.

കഴിഞ്ഞ ഒക്ടോബർ മുതൽ തുടരുന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 72,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 172,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണം ഗസ്സയിലെ 90% സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും പൂർണമായി ബാധിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Also read: