‘സതീശനല്ലാതെ രാഹുലിനേപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാനാകില്ല, ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല’- നടൻ സിദ്ദീഖ്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദവിയിലേക്ക് വി.ഡി സതീശനെ പിന്തുണച്ച് നടൻ സിദ്ദീഖ്. സതീശനെയല്ലാതെ മറ്റൊരാളെ, അക്കാര്യത്തിൽ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സങ്കൽപ്പിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് സിദ്ദീഖ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
യുഡിഎഫിന്റെ വിജയത്തിൽ സന്തോഷിക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ആശങ്കയിലാണ് ജനങ്ങളെന്ന് സിദ്ദീഖ് പറഞ്ഞു. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെയുള്ള വികാരം മാത്രമല്ല, തങ്ങളെ നയിക്കാൻ പ്രാപ്തനായ നേതാവുണ്ടെന്ന വിശ്വാസവും ഈ വിജയത്തിന് പിന്നിലുണ്ട്. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ചങ്കുറപ്പോടെ പ്രഖ്യാപിച്ച ഒരേയൊരു നേതാവാണ് സതീശനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
“അധികാര വടംവലിക്കിടയിൽ ഗ്രൂപ്പ് കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്. അത് ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല” – സിദ്ദീഖ് കുറിപ്പിൽ വ്യക്തമാക്കി. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സതീശൻ മുഖ്യമന്ത്രിയാകുമെന്ന് സാധാരണക്കാർ ഉറച്ചു വിശ്വസിച്ചിരുന്നു. പ്രാദേശിക നേതാക്കളുടെ അഭിപ്രായം മാത്രം നോക്കാതെ ജനവികാരം കൂടി കണക്കിലെടുത്ത് ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കണമെന്നും, കെ. കരുണാകരനെയും ഉമ്മൻചാണ്ടിയെയും സ്നേഹിക്കുന്ന ഒരു കോൺഗ്രസ് അനുഭാവിയുടെ അപേക്ഷയാണിതെന്നും സിദ്ദീഖ് കൂട്ടിച്ചേർത്തു.