‘അവർ എന്നെ വളഞ്ഞ് ആക്രമിക്കുന്നു; പോലീസിനെ വിളിക്കൂ’-മരണത്തിന് തൊട്ടുമുൻപ് ട്രെയിനിൽനിന്ന് ഭാര്യയ്ക്ക് തൗസീഫ് റാസയുടെ കോൾ
ലഖ്‌നൗ: ബറേലിയിൽ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ബീഹാർ സ്വദേശിയായ പണ്ഡിതൻ മൗലാന തൗസീഫ് റാസ മസ്ഹാരിയുടെ മരണം കൊലപാതകമാണെന്ന വാദത്തിന് ബലമേകി അവസാന ഫോൺ സംഭാഷണം പുറത്ത്. ട്രെയിനിൽ വെച്ച് താൻ ക്രൂരമായ ആക്രമണം നേരിടുകയാണെന്നും ഉടൻ പോലീസിനെ വിളിക്കണമെന്നും കരഞ്ഞുകൊണ്ട് ഭാര്യയോട് പറയുന്ന ഓഡിയോ ക്ലിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹം ട്രെയിനിൽനിന്ന് അബദ്ധത്തിൽ വീണതാണെന്ന പോലീസിന്റെ വാദം വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്.
ഉത്തർപ്രദേശിലെ ബറേലിയിൽ ഒരു ഉറൂസ് ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു തൗസീഫ് റാസ. യാത്രയ്ക്കിടെ പരിഭ്രാന്തനായി ഭാര്യയെ വിളിച്ച അദ്ദേഹം നൽകിയ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ട്രെയിൻ കംപാർട്ട്മെന്റിലുണ്ടായിരുന്ന ഒരു മദ്യപ സംഘം തന്നെ വളഞ്ഞിട്ട് അധിക്ഷേപിക്കുന്നതായും മർദിക്കുന്നതായും അദ്ദേഹം ഭാര്യയെ ഫോണിൽ വിളിച്ച് അറിയിച്ചു.
‘അവർ എന്നെ പിടിച്ചുവെച്ചിരിക്കുകയാണ്. എന്നെ ഉപദ്രവിക്കുന്നു. വേഗം പോലീസിനെ വിളിക്കൂ’ എന്ന് അദ്ദേഹം ഭാര്യയോട് കെഞ്ചുന്നത് ഓഡിയോയിൽ വ്യക്തമാണ്. കംപാർട്ട്മെന്റിൽ മറ്റ് യാത്രക്കാരുണ്ടായിരുന്നിട്ടും ആരും തന്നെ സഹായിക്കാൻ തയ്യാറാകുന്നില്ലെന്ന സങ്കടവും അദ്ദേഹം പങ്കുവെച്ചു. ഈ കോൾ പെട്ടെന്ന് കട്ടാവുകയും പിന്നീട് മൗലാനയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
തൗസീഫ് റാസയെ മദ്യപസംഘം ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയതാണെന്ന് കുടുംബം ആരോപിക്കുന്നു. മൃതദേഹത്തിൽ കണ്ടെത്തിയ പരിക്കുകൾ മർദനമേറ്റതാണെന്ന് വ്യക്തമാക്കുന്നതാണെന്നും അവർ പറഞ്ഞു. ബീഹാറിലെ കിഷൻഗഞ്ച് സ്വദേശിയായ അദ്ദേഹം ഗോരഖ്പൂരിൽ ഇമാമായി ജോലി ചെയ്തു വരികയായിരുന്നു.