01/05/2026
[fontresizer_tawhidurrahmandear_widget]

യുപിയിൽ റെയിൽവേ ട്രാക്കിൽ ഇമാമിന്റെ മൃതദേഹം; ട്രെയിനിലെ കൊലപാതകമെന്ന് കുടുംബം

 യുപിയിൽ റെയിൽവേ ട്രാക്കിൽ ഇമാമിന്റെ മൃതദേഹം; ട്രെയിനിലെ കൊലപാതകമെന്ന് കുടുംബം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ റെയിൽവേ ട്രാക്കിന് സമീപം മതപണ്ഡിതനായ മൗലാന തൗസീഫ് റാസ മസ്ഹാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും പ്രതിപക്ഷ നേതാക്കളും. ഇതൊരു അപകടമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച ഇവർ സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. തൗസീഫ് ട്രെയിനിൽ ക്രൂരമായ ആക്രമണത്തിന് ഇരയായിരുന്നെന്നും കൊലപ്പെടുത്തിയ ശേഷം റെയിൽവേ ട്രാക്കിൽ തള്ളുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ബറേലിയിൽ റെയിൽവേ ട്രാക്കിന് സമീപം മൗലാന തൗസീഫ് റാസയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിൽനിന്ന് അബദ്ധത്തിൽ വീണതുമൂലമുണ്ടായ മരണമാണിതെന്നാണ് പോലീസ് തുടക്കത്തിൽ വ്യക്തമാക്കിയത്. എന്നാൽ, ഈ വാദം കുടുംബാംഗങ്ങൾ പൂർണമായും തള്ളിക്കളഞ്ഞു. തൗസീഫ് റാസയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു. മൃതദേഹം കണ്ടെത്തിയ രീതിയിലും ശരീരത്തിലെ മുറിവുകളിലും സംശയമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. അവസാനമായി അദ്ദേഹം കുടുംബത്തെ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചെന്നും പോലീസിനെ വിളിച്ച് വിവരം അറിയിക്കാൻ ആവശ്യപ്പെട്ടെന്നും കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സത്യം പുറത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം വേണമെന്നുമാണ് അവരുടെ ആവശ്യം. സംഭവം വിവാദമായതോടെ വിവിധ പ്രതിപക്ഷ നേതാക്കൾ വിഷയത്തിൽ ഇടപെട്ടു. ഇതൊരു സാധാരണ അപകടമായി കാണാനാവില്ലെന്നും സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. മൗലാനയുടെ മരണം കേവലം ഒരു അപകടമായി ചിത്രീകരിച്ച് കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമിക്കുന്നതായും വിമർശനങ്ങൾ ഉയരുന്നുണ്ട്.

യുപിയിലെ ക്രമസമാധാന നിലയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷം, ന്യൂനപക്ഷ വിഭാഗത്തിലെ പ്രമുഖനായ ഒരു പണ്ഡിതന്റെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണമെന്ന് ശക്തമായി വാദിക്കുന്നു.

Also read: