02/05/2026
[fontresizer_tawhidurrahmandear_widget]

ഇറാനെ തീർക്കാൻ പോയ അമേരിക്കയ്ക്ക് പൊട്ടിയത് 9.49 ലക്ഷം കോടി! പെൻറഗൺ പുറത്തുവിട്ട കണക്കിൻറെ നാലിരട്ടി നഷ്ടമെന്ന് റിപ്പോർട്ട്

 ഇറാനെ തീർക്കാൻ പോയ അമേരിക്കയ്ക്ക് പൊട്ടിയത് 9.49 ലക്ഷം കോടി! പെൻറഗൺ പുറത്തുവിട്ട കണക്കിൻറെ നാലിരട്ടി നഷ്ടമെന്ന് റിപ്പോർട്ട്

തെഹ്‌റാൻ: ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് പെന്റഗൺ പുറത്തുവിട്ട കണക്കിന്റെ നാലിരട്ടി നഷ്ടമെന്ന് റിപ്പോർട്ട്. പെന്റഗണിന്റെ ആഭ്യന്തര വിലയിരുത്തലുകളെ കുറിച്ച് കൃത്യമായി അറിയാവുന്ന മൂന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, കഴിഞ്ഞയാഴ്ച പെന്റഗൺ പുറത്തുവിട്ട കണക്കുകൾ യഥാർത്ഥ ബാധ്യതയേക്കാൾ വളരെ കുറവാണ്. ഇറാന്റെ പ്രത്യാക്രമണത്തിൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചുണ്ടെന്നും എന്നാൽ 25 ബില്യൺ ഡോളറിൽ ഇവയൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. തകർന്ന സൈനിക കേന്ദ്രങ്ങളുടെ പുനർനിർമ്മാണവും നശിച്ചുപോയ മറ്റ് സംവിധാനങ്ങൾക്ക് പകരമുള്ള ചിലവുകളും കൂടി കണക്കിലെടുക്കുമ്പോൾ അമേരിക്കയുടെ നഷ്ടം ഏകദേശം 40 മുതൽ 50 ബില്യൺവരെ വരുമെന്നും ഇവർ ചൂണ്ടിക്കാട്ടി.

ഇറാനെതിരായ യുദ്ധത്തിന് അമേരിക്കയ്ക്കുണ്ടായ യഥാർത്ഥ സാമ്പത്തിക ബാധ്യതകൾ മറച്ചുവെച്ച് പ്രതിരോധ വകുപ്പായ പെന്റഗൺ നുണ പറയുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയും ആരോപിച്ചു. യുദ്ധത്തിന് ഇതുവരെ 25 ബില്യൺ ഡോളർ ചിലവായെന്ന പെന്റഗണിന്റെ അവകാശവാദം തള്ളിയ അദ്ദേഹം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഈ നടപടി അമേരിക്കയ്ക്ക് ഇതിനകം 100 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കി. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അമേരിക്കയെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

പെന്റഗൺ പറയുന്ന ഔദ്യോഗിക കണക്കുകളേക്കാൾ നാല് ഇരട്ടി തുകയാണ് യുദ്ധത്തിന്റെ പേരിൽ അമേരിക്കയ്ക്ക് നഷ്ടമായിരിക്കുന്നത്. നികുതിദായകർക്ക് നേരിടേണ്ടി വരുന്ന പരോക്ഷമായ ചിലവുകൾ ഇതിലും വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ഓരോ അമേരിക്കൻ കുടുംബത്തിനും പ്രതിമാസം 500 ഡോളറിന്റെ അധിക ബാധ്യതയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നതെന്നും ഈ സംഖ്യ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ജനതയുടെ ആവശ്യങ്ങളേക്കാൾ ഇസ്രയേലിന്റെ താൽപര്യങ്ങൾക്കാണ് യുഎസ് സർക്കാർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Also read: