‘സംഭവിച്ചത് ബാത്ത്റൂം എമർജൻസി; ആ പരിഭ്രാന്തിയിൽ പറ്റിപ്പോയതാണ്’: വിശദീകരണവുമായി ബസ്സിന്റെ ഗ്ലാസ് തകർത്ത യുവതി
കോഴിക്കോട്: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ എമർജൻസി എക്സിറ്റ് ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി രംഗത്ത്. ശുചിമുറിയിൽ പോകാനുള്ള അടിയന്തര സാഹചര്യം ഉണ്ടായതിനെത്തുടർന്നുള്ള പരിഭ്രാന്തിയിലാണ് താൻ എമർജൻസി എക്സിറ്റ് ഉപയോഗിച്ചതെന്ന് യുവതി വ്യക്തമാക്കി. ആ നിമിഷം അമിതമായ സമ്മർദത്തിലായിരുന്നെന്നും മറ്റൊരു മാർഗവും മുന്നിൽ കണ്ടില്ലെന്നും യുവതി പറഞ്ഞു.
തെറ്റിനെ ന്യായീകരിക്കാനല്ല ശ്രമിക്കുന്നതെന്നും, നിർഭാഗ്യവശാൽ കാര്യങ്ങൾ വഷളായതിൽ അന്നേദിവസം തന്നെ മാപ്പപേക്ഷിച്ചതായും അവർ അറിയിച്ചു. ഗ്ലാസിന്റെ നാശനഷ്ടങ്ങൾക്കായി 28,000 രൂപ പിഴയായി ഇതിനോടകം അടച്ചുതീർത്തു. ജീവനക്കാരുമായുള്ള പ്രശ്നങ്ങൾ ഔദ്യോഗികമായി പരിഹരിച്ചതാണ്. എന്നാൽ ഇപ്പോഴും തുടരുന്ന ഓൺലൈൻ ആക്രമണങ്ങൾ തന്നെ മാനസികമായി തളർത്തുകയാണെന്നും, വീഡിയോകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും യുവതി അഭ്യർത്ഥിച്ചു. വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.