കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് ദാരുണാന്ത്യം
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്ന കുട്ടികളടക്കമുള്ളവർക്ക് മേലേയ്ക്കാണ് ലോറി മറിഞ്ഞത്. കുടവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്‌കൂൾ വിദ്യാർഥി പാർഥിപ് (15) എന്നിവരാണ് മരിച്ച രണ്ട് പേർ. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ടിപ്പർ ഡ്രൈവർ കോട്ടുക്കൽ സ്വദേശി നിസാമിനും ഒരു കുട്ടിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
സ്‌കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടികളുടെ മേലേയ്ക്കാണ് മണ്ണുമായി വന്ന ലോറി മറിഞ്ഞത്. അപകടത്തെ തുടർന്ന് ലോറിയിലുണ്ടായിരുന്ന മണ്ണ് വളരെ പ്രയാസപ്പെട്ട് നീക്കിയാണ് ഉള്ളിൽപ്പെട്ടവരെ പുറത്തെടുത്തത്. നാട്ടുകാരും പിന്നീട് വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സും ചേർന്ന് ജെസിബി ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണ് മാറ്റി പുറത്തെടുക്കുമ്പോഴേക്കും മൂന്ന് പേരും മരണപ്പെട്ടിരുന്നു.
അപകടത്തിൽ നാല് കുട്ടികൾക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് കുട്ടികൾ താലൂക്ക് ആശുപത്രിയിലും, ഒരാൾ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും, രണ്ട് കുട്ടികൾ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിലും ചികിത്സയിലാണ്. പരിക്കേറ്റ ഒരു മുതിർന്നയാളെ വെഞ്ഞാറമൂട്ടിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ടിപ്പർ ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞതായി നീലേശ്വരം വാർഡ് മെമ്പർ ജലജ സുരേഷ് അറിയിച്ചു. ലോറി വരുന്നത് കണ്ട് ആറ് കുട്ടികൾ പേടിച്ചോടിയെന്നും മൂന്ന് കുട്ടികൾ ലോറിക്കടിയിൽപ്പെടുകയുമായിരുന്നുവെന്നുമാണ് വിവരം.