ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച 42-കാരി പിടിയിൽ; പ്രതി മുൻ ബിജെപി സ്ഥാനാർഥി
നെന്മാറ: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ 42-കാരിയെ നെന്മാറ പോലീസ് അറസ്റ്റ് ചെയ്തു. നെന്മാറ കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതി (പ്രസന്ന) ആണ് പിടിയിലായത്.
കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻക്ഷേത്രത്തിലെ ഭണ്ഡാരത്തിൽനിന്ന് പതിനായിരത്തോളം രൂപയാണ് ഇവർ മോഷ്ടിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികൾ ഭണ്ഡാരം തുറന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നെന്മാറ ഗ്രാമപ്പഞ്ചായത്തിലെ 17-ാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി പ്രഭാവതി മത്സരിച്ചിരുന്നു. ഇവർ മുൻപ് മുക്കുപണ്ടം നൽകി തട്ടിപ്പ് നടത്തിയ കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.