ഇസ്രയേൽ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ ആകാശത്തുവെച്ച് പക്ഷിയുമായി കൂട്ടിയിടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഹെലികോപ്റ്റർ അടിയന്തരമായി താഴെയിറക്കി
തെൽഅവീവ്: ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്റ്റർ ആകാശത്തുവെച്ച് പക്ഷിയുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് അടിയന്തരമായി താഴെയിറക്കി. ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സാണ് (ഐ.ഡി.എഫ്) ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.
അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ പാൽമാച്ചിം വ്യോമസേനാ താവളത്തിൽ സുരക്ഷിതമായി ഇറക്കി. ഏതാനും മിനിറ്റുകൾക്ക് ശേഷം പകരം സജ്ജമാക്കിയ മറ്റൊരു ഹെലികോപ്റ്ററിൽ പ്രസിഡന്റ് തന്റെ യാത്ര സുരക്ഷിതമായി തുടർന്നു. ഓപ്പറേഷൻ പ്രൊട്ടക്റ്റീവ് എഡ്ജ് സൈനിക നീക്കത്തിനിടെ കൊല്ലപ്പെട്ട സൈനികർക്കായി മൗണ്ട് ഹെർസലിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അദ്ദേഹം.
അവിടെ നിന്നും വടക്കൻ ഇസ്രായേലിലെ ഒരു ദുഃഖാചരണ ചടങ്ങിലേക്ക് പോകുന്നതിനിടെയാണ് ഈ അപ്രതീക്ഷിത സംഭവമുണ്ടായത്. കേടുപാടുകൾ സംഭവിച്ച ഹെലികോപ്റ്റർ കൂടുതൽ അറ്റകുറ്റപ്പണികൾക്കായി ഇസ്രയേൽ വ്യോമസേനയിലെ സാങ്കേതിക വിഭാഗത്തിന് കൈമാറിയതായും, ഈ സംഭവം വിശദമായി പരിശോധിച്ചുവരികയാണെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.