21/07/2026
[fontresizer_tawhidurrahmandear_widget]

ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല; ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ് നേതാവ്

 ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല; ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ് നേതാവ്

ഉപ്പള: കാൻസർ ബാധിച്ച് മരിച്ച ആദ്യകാല ആർഎസ്എസ്-ബിജെപി പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആരുമില്ലാതിരുന്ന സാഹചര്യത്തിൽ, ഹൈന്ദവ ആചാരപ്രകാരം ചിതയൊരുക്കി മാതൃകയായി വനിതാ ലീഗ് നേതാവ്. മഞ്ചേശ്വരം മീഞ്ച പഞ്ചായത്തിലെ ചിഗ്‌റുപദവ് സ്വദേശിയായ നാരായണന്റെ (64) മൃതദേഹമാണ് കാസർകോട് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയും വനിതാ ലീഗ് നേതാവുമായ ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തിൽ സംസ്‌കരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു നാരായണന്റെ അന്ത്യം.

ഒരു മാസം മുൻപ് മീഞ്ചയിലെ കടവരാന്തയിൽ ഭക്ഷണം കഴിക്കാതെ മൃതപ്രായനായി കിടന്ന നാരായണനെ വാർഡ് അംഗം ഷെരിഫ് ചിനാലയാണ് ഇർഫാനയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. തുടർന്ന് ഇർഫാന കലക്ടറുടെയും ജില്ലാ മെഡിക്കൽ ഓഫിസറുടെയും അനുമതിയോടെ ഉപ്പള ഷെയ്ഖ് സായിദ് ഫൗണ്ടേഷന്റെ സഹായം തേടി. ഫൗണ്ടേഷൻ പ്രവർത്തകർ നാരായണനെ ശുശ്രൂഷിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മരണവിവരം മഞ്ചേശ്വരം പൊലീസ് അറിയിച്ചെങ്കിലും രണ്ട് ഭാര്യമാരും മക്കളും സഹോദരിയും അടങ്ങുന്ന ബന്ധുക്കളോ പാർട്ടി പ്രവർത്തകരോ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് മൃതദേഹം സംസ്‌കരിക്കാൻ ബന്ധുക്കൾ ഇർഫാനയ്ക്ക് സമ്മതപത്രം നൽകി. ഉപ്പളയിൽ എത്തിച്ച മൃതദേഹം ചെറുഗോളി പൊതുശ്മശാനത്തിൽ മകളുടെ സ്ഥാനത്തുനിന്ന് ഇർഫാന ഇഖ്ബാൽ ചിതയ്ക്ക് തീകൊളുത്തി. സാമൂഹ്യപ്രവർത്തകരായ റിയാസ് പിലാത്തറ, മഹ്മൂദ് കൈകമ്പ എന്നിവരും ഒപ്പമുണ്ടായിരുന്നു. തെരുവിൽ ഉപേക്ഷിക്കപ്പെട്ട അമ്പതോളം പേരെ സംരക്ഷിക്കുന്ന ഉപ്പളയിലെ ഷെയ്ഖ് സായിദ് വൃദ്ധമന്ദിരത്തിന്റെ സ്ഥാപക കൂടിയാണ് ഇർഫാന ഇഖ്ബാൽ.

Also read: