19/06/2026
[fontresizer_tawhidurrahmandear_widget]

‘ഒരുമാസം ഈ ബസിൽ പോയാൽ അവർ സേവ് ചെയ്യുന്നത് എത്രയാണ്? ഇത് സാമൂഹ്യ സാമ്പത്തിക വിപ്ലവം’ ;ഷാഫി പറമ്പിൽ എം.പി

 ‘ഒരുമാസം ഈ ബസിൽ പോയാൽ അവർ സേവ് ചെയ്യുന്നത് എത്രയാണ്? ഇത് സാമൂഹ്യ സാമ്പത്തിക വിപ്ലവം’ ;ഷാഫി പറമ്പിൽ എം.പി

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന ‘പ്രിയദർശിനി പദ്ധതി’ കേരളത്തിന്റെ ചരിത്രപരമായ തീരുമാനവും പുതിയൊരു യുഗപ്പിറവിയുമാണെന്ന് ഷാഫി പറമ്പിൽ എം.പി. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പ്രിയദർശിനി സർവീസിന്റെ ഉദ്ഘാടന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു കേവലമായ സൗജന്യമായി കണക്കാക്കരുതെന്നും, മറിച്ച് സ്ത്രീ ശാക്തീകരണത്തിന്റെ വലിയൊരു ചുവടുവെപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് നിന്ന് സർവകലാശാലയിലേക്ക് പോയിവരാൻ അമ്പത്താറ് രൂപയാണ് ഒരാൾക്ക് ചെലവാകുന്നതെന്നും, ഒരു മാസം ഇരുപത്തിയഞ്ച് ദിവസം ജോലിക്ക് പോകുന്ന വനിതയെ സംബന്ധിച്ചിടത്തോളം അവർക്ക് ലാഭിക്കാൻ കഴിയുന്ന തുക വലിയൊരാശ്വാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ തുക ഒരു സാമൂഹ്യ ക്ഷേമ പെൻഷൻ പോലെ അവർക്ക് ലഭിക്കുന്ന ഉറപ്പുള്ള അധിക വരുമാനമായി മാറും. മെഡിക്കൽ കോളേജ്, ഗുരുവായൂർ, മാനന്തവാടി, സുൽത്താൻ ബത്തേരി തുടങ്ങി എവിടേക്കും ഇനി സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നും, മുൻപൊരു സർക്കാരും ചെയ്യാത്ത തരത്തിലുള്ള പുതിയൊരു തുടക്കവും വലിയൊരു സാമൂഹ്യ-സാമ്പത്തിക വിപ്ലവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ചടങ്ങിന് ശേഷം മുഖ്യമന്ത്രിയും ഗതാഗതമന്ത്രി സി.പി. ജോൺ ഉൾപ്പെടെയുള്ള മറ്റ് മന്ത്രിമാരും തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ഉദ്ഘാടന ബസിൽ യാത്ര ചെയ്തു. കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി, ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ ബസുകളിലാണ് ആദ്യഘട്ടത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത്. പ്രായ-വരുമാന പരിധികളില്ലാതെ എല്ലാ വിഭാഗം സ്ത്രീകൾക്കും ആനുകൂല്യം ലഭിക്കുന്ന പദ്ധതിക്കായി പ്രത്യേക കാർഡുകളോ സർട്ടിഫിക്കറ്റുകളോ മുൻകൂർ രജിസ്ട്രേഷനോ ആവശ്യമില്ല. യാത്രാവേളയിൽ വനിതകൾക്ക് ടിക്കറ്റ് മെഷീൻ വഴി ‘സീറോ ടിക്കറ്റ്’ നൽകുന്നതിനായി ‘പ്രിയദർശിനി ഫ്രീ ട്രാവൽ’ (പി.എ.ഫ്.ടി) എന്ന പുതിയ ഓപ്ഷൻ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്ര സൗജന്യമാണെങ്കിലും, കണക്കുകൾ കൃത്യമായി മെഷീനിൽ സൂക്ഷിക്കുന്നതിനായി യാത്രാനിരക്കും ഫെയർ സ്റ്റേജും സ്ഥലവും ടിക്കറ്റിൽ രേഖപ്പെടുത്തും.

സൗജന്യയാത്ര വഴി കെ.എസ്.ആർ.ടി.സിക്ക് പ്രതിദിനം ഉണ്ടാകുന്ന രണ്ടു കോടി രൂപയുടെ സാമ്പത്തിക ബാധ്യത പൂർണ്ണമായും സംസ്ഥാന സർക്കാർ വഹിക്കാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായ ബസുകൾ എളുപ്പത്തിൽ തിരിച്ചറിയാൻ മുൻവശത്തും വാതിലുകളുടെ വശങ്ങളിലും ‘പ്രിയദർശിനി പദ്ധതി’ എന്ന് രേഖപ്പെടുത്തിയ പ്രത്യേക സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ 3,125 ഓർഡിനറി ബസുകളിലായി 2,900 ഷെഡ്യൂളുകളാണ് കെ.എസ്.ആർ.ടി.സി പ്രതിദിനം ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഓർഡിനറി ബസുകൾ നിരത്തിലുള്ളത് ദക്ഷിണ മേഖലയിലാണ്. ഇവിടെ 1,268 ഷെഡ്യൂളുകൾ സർവീസ് നടത്തുമ്പോൾ മധ്യമേഖലയിൽ 831-ഉം വടക്കൻ മേഖലയിൽ 828-ഉം ഓർഡിനറി ഷെഡ്യൂളുകളാണുള്ളത്.

Also read: