സ്ത്രീകളുടെ സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; ജൂൺ 15 മുതൽ നടപ്പിലാക്കിയേക്കും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലെ ബസുകളിലും റിസർവേഷൻ സൗകര്യമുള്ള സർവീസുകളിലും പദ്ധതി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നാണ് കെഎസ്ആർടിസി വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തൽ.
പദ്ധതി നടപ്പിലാക്കുമ്പോൾ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തും. ഇതിനായി പ്രതിമാസം 90 മുതൽ 100 കോടി രൂപ വരെ അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. നിലവിൽ ശമ്പളത്തിനും പെൻഷനുമായി സർക്കാർ നൽകുന്ന 80 കോടി രൂപയ്ക്ക് പുറമെയാണിത്. കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും, സൗജന്യ യാത്ര വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്.
അടുത്ത മന്ത്രിസഭാ യോഗത്തിലെ അന്തിമ തീരുമാനത്തിന് ശേഷം, ജൂൺ 15-ഓടെ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. ഭാവിയിൽ മറ്റ് സർവീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം സർക്കാർ പിന്നീട് പരിഗണിക്കും.