20/07/2026
[fontresizer_tawhidurrahmandear_widget]

എം.ബി.ബി.എസ് പ്രവേശനത്തിന് മുതിർന്ന പൗരന്മാർക്ക് ഒരു ശതമാനം സംവരണം വേണം; ഹൈക്കോടതിയിൽ ഹരജി നൽകി 71-കാരനായ നീറ്റ് വിദ്യാർത്ഥി

 എം.ബി.ബി.എസ് പ്രവേശനത്തിന് മുതിർന്ന പൗരന്മാർക്ക് ഒരു ശതമാനം സംവരണം വേണം; ഹൈക്കോടതിയിൽ ഹരജി നൽകി 71-കാരനായ നീറ്റ് വിദ്യാർത്ഥി

ലക്നൗ: നീറ്റ് യു.ജി വഴി നടക്കുന്ന എം.ബി.ബി.എസ് പ്രവേശനത്തിൽ മുതിർന്ന പൗരന്മാർക്ക് ഒരു ശതമാനം സംവരണം ആവശ്യപ്പെട്ട് ലക്നൗ സ്വദേശിയായ 71-കാരൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഈ വർഷം നീറ്റ് യു.ജി പരീക്ഷയെഴുതിയ അശോക് ബഹർ എന്ന വ്യക്തിയാണ് ലക്നൗ ബെഞ്ചിന് മുന്നിൽ ഹരജി നൽകിയത്. മെഡിക്കൽ പ്രവേശനത്തിൽ പല വിഭാഗങ്ങൾക്കും സംവരണം ലഭിക്കുമ്പോൾ മുതിർന്ന പൗരന്മാരെ പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്ന ഹരജി ജൂലൈ 21-ന് കോടതി പരിഗണിക്കും.

നീറ്റ് പരീക്ഷയെഴുതുന്നതിന് ഉയർന്ന പ്രായപരിധി ഇല്ലാത്ത സാഹചര്യത്തിൽ, മെഡിക്കൽ കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന പ്രായമായ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്ന ഒരു നയം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി. നീറ്റിലെ ഉയർന്ന പ്രായപരിധി സുപ്രീം കോടതി എടുത്തുകളഞ്ഞ കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകൻ പങ്കജ് ധീർ സിംഗ് റാണ ചൂണ്ടിക്കാട്ടുകയും, അർഹരായ മുതിർന്ന പൗരന്മാർക്കായി പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഒരു ഡോക്ടറാകണമെന്ന അശോക് ബഹറിന്റെ ആഗ്രഹത്തിന് അഞ്ച് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 1974-ൽ ആദ്യമായി മെഡിക്കൽ പ്രവേശന പരീക്ഷയെഴുതിയെങ്കിലും അന്ന് വിജയിക്കാൻ കഴിഞ്ഞില്ല. പിന്നീട് 2023-ൽ വീണ്ടും ശ്രമിച്ചെങ്കിലും യാത്രാദൂരം കാരണം പരീക്ഷാകേന്ദ്രത്തിൽ വൈകിയെത്തിയതിനാൽ പരീക്ഷ എഴുതാൻ സാധിച്ചില്ല. തുടർന്ന് ഈ വർഷം മെയ് മാസത്തിലാണ് അദ്ദേഹം നീറ്റ് 2026 പരീക്ഷയെഴുതിയത്. താനൊരു ഡോക്ടറാകണമെന്ന അമ്മ സാവിത്രി ദേവിയുടെ വലിയ ആഗ്രഹമാണ് ഇതിന് പ്രചോദനമായതെന്ന് അദ്ദേഹം പറയുന്നു. 1990-ൽ അമ്മ മരിച്ചതിന് ശേഷവും ആ സ്വപ്നം അദ്ദേഹം ഉപേക്ഷിച്ചില്ല. തന്റെ ലക്ഷ്യം സഫലമാക്കാൻ ഭാര്യ ഡോ. മഞ്ജു ബഹർ നൽകിയ പ്രോത്സാഹനവും അദ്ദേഹം പ്രത്യേകം സ്മരിക്കുന്നുണ്ട്. വിദേശത്ത് പ്രാക്ടീസ് ചെയ്യുന്നവരുൾപ്പെടെ ഇരുപതോളം ഡോക്ടർമാരുള്ള ഒരു വലിയ കുടുംബത്തിലെ അംഗം കൂടിയാണ് അശോക്.

ലക്നൗ സർവകലാശാലയിൽ നിന്ന് ബോട്ടണി, സുവോളജി, കെമിസ്ട്രി എന്നിവയിൽ ബിരുദം നേടിയ ഇദ്ദേഹത്തിന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി ഡിപ്ലോമയും എം.ബി.എയും നിയമ ബിരുദവുമുണ്ട്. ഇന്ത്യൻ ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മാർക്കറ്റിംഗ് ഹെഡ്ഡായി പ്രവർത്തിച്ച അദ്ദേഹം അവിടെ നിന്നും വി.ആർ.എസ് എടുത്ത ശേഷം വിദേശകാര്യ മന്ത്രാലയത്തിൽ കൺസൾട്ടന്റായി സേവനമനുഷ്ഠിക്കുകയും, നിലവിൽ അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയുമാണ്. മുതിർന്ന പൗരന്മാരുടെ വിദ്യാഭ്യാസ ആഗ്രഹങ്ങളെ സർക്കാർ അംഗീകരിക്കണമെന്നും ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസം നേടാൻ അവരെ പ്രാപ്തരാക്കുന്ന പുതിയ നയങ്ങൾ രൂപീകരിക്കണമെന്നും അദ്ദേഹം തന്റെ ഹരജിയിലൂടെ ആവശ്യപ്പെടുന്നു.

Also read: