‘നിങ്ങൾക്ക് ചരിത്രമോ അന്തസ്സോ ഇല്ല, മനുഷ്യരെ കൊല്ലാം പക്ഷേ ആശയങ്ങളെ ഇല്ലാതാക്കാനാകില്ല’; ട്രംപിന് ഇറാൻ എംബസിയുടെ മറുപടി
തെഹ്‌റാൻ: ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനകൾക്കെതിരെ അർമേനിയയിലെ ഇറാൻ എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. “നിങ്ങൾക്ക് ഈ കാര്യങ്ങൾ മനസ്സിലാകില്ല, കാരണം നിങ്ങൾക്ക് ഒരു സംസ്‌കാരമോ ചരിത്രമോ അന്തസ്സോ ഇല്ല. മനുഷ്യരെ കൊല്ലാം, എന്നാൽ ആശയങ്ങളെ കൊലപ്പെടുത്താനാകില്ല. നിങ്ങൾ ആയത്തുല്ല ഖാംനഇയെ കൊലപ്പെടുത്തി, എന്നാൽ യഥാർത്ഥത്തിൽ നിങ്ങൾ ചെയ്തത് ഒരു സുഗന്ധദ്രവ്യ കുപ്പി തല്ലിപ്പൊട്ടിക്കുകയായിരുന്നു, അതിന്റെ സുഗന്ധം ഇപ്പോൾ എല്ലായിടത്തും പടർന്നിരിക്കുന്നു,” ഇറാൻ എംബസി കുറിച്ചു.
അതേസമയം, തെഹ്‌റാനിൽ നടന്ന വിലാപയാത്രയിലുടനീളം കടുത്ത അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്ത മുഹമ്മദ് റസൂലി എന്ന കവി, ട്രംപിനെ പരസ്യമായി വധിക്കാൻ ആഹ്വാനം ചെയ്തു. “ലോകത്തിലെ ഏറ്റവും സങ്കരവർഗ്ഗക്കാരനായ മനുഷ്യൻ എന്തിനാണ് ഇനിയും ജീവിച്ചിരിക്കുന്നത്?” എന്ന് റസൂലി ജനക്കൂട്ടത്തോട് ചോദിച്ചു. ഈ ആഹ്വാനത്തെ വലിയ ജനക്കൂട്ടം “അമേരിക്കയ്ക്ക് മരണം”, “ഇസ്രയേലിന് മരണം” എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വരവേറ്റത്.