21/07/2026
[fontresizer_tawhidurrahmandear_widget]

ഇന്റര്‍നെറ്റ് തിരികെ വന്നതോടെ എഐ ക്യാമറകൾ പണി തുടങ്ങി; പഴയ പിഴകൾ കൂട്ടത്തോടെ വരും

 ഇന്റര്‍നെറ്റ് തിരികെ വന്നതോടെ എഐ ക്യാമറകൾ പണി തുടങ്ങി; പഴയ പിഴകൾ കൂട്ടത്തോടെ വരും

കൊച്ചി: ഇന്റർനെറ്റ് കുടിശികയെത്തുടർന്ന് ദൃശ്യങ്ങൾ അയയ്ക്കുന്നത് നിർത്തിവെച്ചിരുന്ന റോഡിലെ ആർ.ടി.ഓ ക്യാമറകൾ വീണ്ടും പ്രവർത്തനസജ്ജമായി. റോഡിലെ ഗതാഗത നിയമലംഘന ദൃശ്യങ്ങൾ ഇന്നലെ മുതൽ കലക്ടറേറ്റിലെ ആർ.ടി.ഓ കൺട്രോൾ റൂമിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ റോഡുകളിൽ മോട്ടർ വാഹന വകുപ്പ് സ്‌ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കഴിഞ്ഞ മാസം 29 മുതൽ കൺട്രോൾ റൂമിൽ ലഭിക്കുന്നത് പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. ക്യാമറകളുടെ ചുമതലയുള്ള കെൽട്രോൺ കുടിശിക നൽകാത്തതിനെ തുടർന്ന് ജിയോ കമ്പനി ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചതായിരുന്നു ഇതിന് കാരണം.

യഥാർത്ഥത്തിൽ സർക്കാരാണ് കെൽട്രോണിന് ഇതിനായുള്ള തുക കൈമാറേണ്ടിയിരുന്നത്. എന്നാൽ സർക്കാർ ഫണ്ട് ലഭിക്കാൻ വൈകിയതോടെ കെൽട്രോൺ സ്വന്തം നിലയിൽ തുക കണ്ടെത്തി കുടിശിക അടച്ചുതീർക്കുകയായിരുന്നു. ഇന്റർനെറ്റ് വിഛേദിക്കപ്പെട്ട രണ്ടാഴ്ചയായി കെട്ടിക്കിടന്നിരുന്ന നിയമ ലംഘന ദൃശ്യങ്ങളാണ് ഇപ്പോൾ കൺട്രോൾ റൂമിലേക്ക് പ്രവഹിക്കുന്നത്. ഇന്റർനെറ്റ് ഇല്ലാതിരുന്ന സമയത്ത് ദൃശ്യങ്ങൾ ആർ.ടി.ഓ ഓഫീസിലേക്ക് അയയ്ക്കുന്നത് തടസ്സപ്പെട്ടിരുന്നെങ്കിലും, റോഡിലെ നിയമലംഘനങ്ങൾ പകർത്തുന്ന ജോലി ക്യാമറകൾ കൃത്യമായി നിർവഹിക്കുന്നുണ്ടായിരുന്നു.

ജില്ലയിലെ വിവിധ പ്രധാന റോഡുകളിലായി മോട്ടർ വാഹന വകുപ്പ് ആകെ 63 ക്യാമറകളാണ് സ്‌ഥാപിച്ചിട്ടുള്ളത്. ഇതിൽ 11 ക്യാമറകൾ പലവിധ സാങ്കേതിക തകരാറുകൾ മൂലം നിലവിൽ പ്രവർത്തനരഹിതമാണ്. ശേഷിക്കുന്ന 52 ക്യാമറകളാണ് റോഡിലെ ഗതാഗത നിയമ ലംഘനങ്ങൾ പകർത്തി കൺട്രോൾ റൂമിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്.

കണക്ഷൻ ഇല്ലാതിരുന്ന കഴിഞ്ഞ രണ്ടാഴ്‌ച കൊണ്ട് ഇരുപതിനായിരത്തോളം നിയമ ലംഘന ദൃശ്യങ്ങളാണ് ക്യാമറകൾ മെമ്മറിയിൽ ശേഖരിച്ചു വച്ചിരുന്നത്. ഇൻ്റർനെറ്റ് പുനഃസ്‌ഥാപിച്ചതോടെ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ ക്യാമറകളിൽ നിന്ന് കൺട്രോൾ റൂമിലേക്ക് ആദ്യം ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണയായി മാസം തോറും 35,000 മുതൽ 40,000 വരെ നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങൾ ക്യാമറകൾ വഴി ലഭിക്കാറുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ജില്ലയിൽ ഈ ക്യാമറകൾ വഴി കണ്ടെത്തിയ നിയമ ലംഘനങ്ങളുടെ പേരിൽ വാഹന ഉടമകൾക്ക് ഇതുവരെ 80.50 കോടി രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്. ഇതിൽ 30 കോടിയോളം രൂപ ഇതിനകം പിരിഞ്ഞു കിട്ടുകയും ചെയ്തു. കെൽട്രോണിൻ്റെ 10 ജീവനക്കാരാണ് നിലവിൽ കലക്ടറേറ്റിലെ ഈ കൺട്രോൾ റൂമിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്.

Also read: