21/07/2026
[fontresizer_tawhidurrahmandear_widget]

എംബാപ്പെയുടെ ഗോൾ ‘ഹാൻഡ് ബോൾ’? ഫ്രാൻസിനെതിരെ ആരോപണവുമായി മൊറോക്കോ കോച്ച്

 എംബാപ്പെയുടെ ഗോൾ ‘ഹാൻഡ് ബോൾ’? ഫ്രാൻസിനെതിരെ ആരോപണവുമായി മൊറോക്കോ കോച്ച്

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ പരാജയപ്പെടുത്തി ഫ്രാൻസ് സെമിയിൽ പ്രവേശിച്ചതിന് പിന്നാലെ വിവാദങ്ങളും കൊഴുക്കുന്നു. ഫ്രാൻസിനായി കിലിയൻ എംബാപ്പെ നേടിയ ആദ്യ ഗോൾ ഹാൻഡ് ബോൾ ആണെന്നാണ് മൊറോക്കൻ പരിശീലകൻ മുഹമ്മദ് ഔനാഹി ആരോപിക്കുന്നത്. ഗോളിന് വഴിയൊരുക്കിയ മുന്നേറ്റത്തിൽ വാർ ഇടപെട്ട് ഹാൻഡ് ബോൾ സാധ്യത പരിശോധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗോൾ പിറക്കുന്നതിന് തൊട്ടുമുൻപ് ഫ്രഞ്ച് താരം അഡ്രിയൻ റാബിയോ പന്ത് കൈകൊണ്ട് തൊട്ടിരുന്നതായി ഔനാഹി പറയുന്നു. ഇതുകണ്ടതോടെ മൊറോക്കൻ താരങ്ങൾ കളി നിർത്തിയെന്നും, ഈ പിഴവ് മുതലെടുത്താണ് എംബാപ്പെ ഗോൾ നേടിയതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ‘പന്തിൽ കൈ കൊണ്ടുള്ള സ്‌പർശം ഉണ്ടായതോടെ മൊറോക്കൻ താരങ്ങൾ കളി നിർത്തി. അത് ഹാൻഡ് ബോൾ ആയിരുന്നുവെന്നതിൽ തർക്കമില്ല’ ഔനാഹി മാധ്യമങ്ങളോട് പറഞ്ഞു. ‘ അത് പറയേണ്ടതായിരുന്നോ എന്ന് എനിക്കറിയില്ല. അവസാനം അത് എംബപെയുടെ വ്യക്‌തിഗത ശ്രമമായി വിലയിരുത്തപ്പെടുകയും ഗോളായി മാറുകയും ചെയ്‌തു’ – ഔനാഹി കൂട്ടിച്ചേർത്തു.

മത്സരത്തിന്റെ 26-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റാൻ എംബാപ്പെയ്ക്ക് സാധിച്ചിരുന്നില്ല. തുടർന്ന് 60-ാം മിനിറ്റിലാണ് വിവാദത്തിനിടയാക്കിയ ആദ്യ ഗോൾ പിറന്നത്. ഇതിന് ആറ് മിനിറ്റുകൾക്ക് ശേഷം മൊറോക്കൻ പ്രതിരോധത്തിലുണ്ടായ പിഴവ് മുതലെടുത്ത് എംബാപ്പെ നൽകിയ പാസിൽ നിന്ന് ഉസ്മാൻ ഡെംബലെ ഫ്രാൻസിന്റെ രണ്ടാം ഗോളും സ്വന്തമാക്കി.

ഈ ക്വാർട്ടർ പോരാട്ടത്തോടെ ഫ്രഞ്ച് ദേശീയ ടീമിനായി 100 ഗോളുകളിൽ പങ്കാളിത്തം വഹിക്കുന്ന താരമെന്ന ശ്രദ്ധേയമായ നേട്ടവും എംബാപ്പെ സ്വന്തമാക്കി. 64 ഗോളുകളും 37 അസിസ്റ്റുകളുമടക്കം 101 ഗോൾ പങ്കാളിത്തമാണ് താരത്തിനിപ്പോഴുള്ളത്. ഈ ലോകകപ്പിൽ മാത്രം എട്ട് ഗോളുകൾ എംബാപ്പെ നേടിക്കഴിഞ്ഞു. മറുവശത്ത്, ഒരു ലോകകപ്പിൽ അഞ്ച് ഗോളുകൾ നേടുന്ന മൂന്നാമത്തെ ഫ്രഞ്ച് താരമെന്ന റെക്കോർഡ് ഡെംബലെയും സ്വന്തമാക്കി. ഇതിഹാസ താരം ജസ്റ്റ് ഫൊണ്ടെയ്ൻ, കിലിയൻ എംബാപ്പെ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് രണ്ട് ഫ്രഞ്ച് താരങ്ങൾ.

ടീം സെമിഫൈനൽ ടിക്കറ്റ് ഉറപ്പിച്ചെങ്കിലും പെനാൽറ്റി പാഴാക്കിയതിലുള്ള നിരാശ ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ് മറച്ചുവെച്ചില്ല. “പെനാൽറ്റിക്ക് പുറമെ മറ്റ് ചില സുവർണ്ണാവസരങ്ങളും ഞങ്ങൾ പാഴാക്കിയിരുന്നു. എന്നാൽ എംബാപ്പെ ടീമിലുള്ളപ്പോൾ അതൊന്നും വലിയ പ്രശ്നമല്ല. അദ്ദേഹം ഒരിക്കലും തന്നിൽത്തന്നെ സംശയിക്കാറില്ല. ഞങ്ങൾ ലക്ഷ്യമിട്ട സ്ഥാനത്ത് തന്നെയാണിപ്പോൾ ഉള്ളത്. വരും മത്സരത്തിൽ കൂടുതൽ ഊർജ്ജസ്വലരായി ഞങ്ങൾ കളത്തിലിറങ്ങും,” ദെഷാംപ്സ് വ്യക്തമാക്കി.

Also read: