‘ഞാൻ വംശഹത്യയെ എതിർക്കുന്നു’: ഫലസ്തീൻ അനുകൂല സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു; 84-കാരിയായ വൈദികയെ അറസ്റ്റ് ചെയ്ത് ലണ്ടൻ പൊലീസ്
ലണ്ടൻ: ഫലസ്തീൻ അനുകൂല സംഘടനയായ ‘ഫലസ്തീൻ ആക്ഷൻ’ (Palestine Action) യുകെയിൽ നിരോധിച്ചതിന്റെ ഒന്നാം വാർഷികത്തിൽ ലണ്ടനിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ 84-കാരിയായ വിരമിച്ച ആംഗ്ലിക്കൻ പുരോഹിതയെ പോലീസ് അറസ്റ്റ് ചെയ്തു. ഹെൻബറിയിൽ നിന്നുള്ള മുൻ കന്യാസ്ത്രീ കൂടിയായ റെവറന്റ് സൂ പാർഫിറ്റ് ഉൾപ്പെടെ പതിനാലോളം പേരാണ് മെട്രോപൊളിറ്റൻ പൊലീസ് ആസ്ഥാനമായ സ്കോട്ട്‌ലൻഡ് യാർഡിന് മുന്നിൽ വെച്ച് പിടിയിലായത്.
യുകെയുടെ കടുത്ത ഭീകരവിരുദ്ധ നിയമത്തിലെ സെക്ഷൻ 12 പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിരോധിക്കപ്പെട്ട ഒരു സംഘടനയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നതും അവർക്കായി ആളുകളെ സംഘടിപ്പിക്കുന്നതും 14 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റമായാണ് യുകെയിൽ കണക്കാക്കുന്നത്.
ഔദ്യോഗിക വൈദിക വസ്ത്രം ധരിച്ചെത്തിയ സൂ പാർഫിറ്റ്, “ഞാൻ വംശഹത്യയെ എതിർക്കുന്നു” എന്നെഴുതിയ ബോർഡിന് മുകളിൽ നിന്നാണ് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കിടെ, ഇസ്രായേൽ സൈന്യത്തിന് ആയുധങ്ങൾ വിതരണം ചെയ്യുന്ന യുകെയിലെ ഒരു ഇസ്രായേലി ആയുധ നിർമാണ ഫാക്ടറിയിൽ കടന്നുകയറി പ്രതിഷേധിച്ചതിനെ തുടർന്നാണ് ‘ഫലസ്തീൻ ആക്ഷൻ’ എന്ന സംഘടനയെ യുകെ സർക്കാർ നിരോധിച്ചത്. “ജീവൻ രക്ഷിക്കുന്നത് ഭീകരവാദമല്ല” എന്നെഴുതിയ വലിയ ബാനറുകളും പ്രതിഷേധക്കാർ ഉയർത്തിയിരുന്നു.
അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് മെഗാഫോണിലൂടെ സൂ പാർഫിറ്റ് നടത്തിയ പ്രസംഗം ഇതായിരുന്നു:
“എന്റെ ഈ പ്രായത്തിലും ശാരീരിക അവശതകൾക്കിടയിലും എനിക്ക് എന്ത് ചെയ്യാൻ കഴിയും? വളരെ കുറച്ചു കാര്യങ്ങൾ മാത്രം. ഫലസ്തീൻ ജനതയെ പിന്തുണയ്ക്കാൻ എന്നാലാവുന്നത് ഞാൻ ചെയ്യുന്നു. അതിനായി എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം ‘ഫലസ്തീൻ ആക്ഷൻ’ എന്ന സംഘടനയെ പിന്തുണയ്ക്കുക എന്നതാണ്. കാരണം, അവിടെ വംശഹത്യയ്ക്ക് കാരണമാകുന്ന ആയുധങ്ങൾ തകർക്കാൻ മാത്രം ധൈര്യം കാണിച്ചവരാണ് അവർ. അതുകൊണ്ട് നിങ്ങളോടും ഞാൻ ഫലസ്തീൻ ആക്ഷനെ പിന്തുണയ്ക്കാൻ അഭ്യർത്ഥിക്കുന്നു.”
ഈ പ്രസംഗത്തിന് തൊട്ടുപിന്നാലെ പോലീസ് ഇവരെ കൂട്ടിക്കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ച പോലീസ് ഒരു ബൈബിളും പത്രവും മാത്രമാണ് കണ്ടെടുത്തത്. വംശഹത്യയ്‌ക്കെതിരെയുള്ള സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള പൊലീസിന്റെ ഇത്തരം കടുത്ത ശ്രമങ്ങൾ വലിയ രീതിയിൽ തിരിച്ചടിക്കുമെന്ന് സമരത്തിന്റെ സംഘാടകരായ ‘ഡിഫെൻഡ് അവർ ജൂറീസ്’ വ്യക്തമാക്കി.