04/09/2026
[fontresizer_tawhidurrahmandear_widget]

സീറ്റ് ലഭിച്ചില്ല, വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാർത്ഥി; കേസെടുക്കാതെ ഇൻ്റേൺഷിപ്പ് ഓഫർ ചെയ്ത് ഐ.ഐ.ടി കാൺപൂർ

 സീറ്റ് ലഭിച്ചില്ല, വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാർത്ഥി; കേസെടുക്കാതെ ഇൻ്റേൺഷിപ്പ് ഓഫർ ചെയ്ത് ഐ.ഐ.ടി കാൺപൂർ

കാൺപൂർ: പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) കാൺപൂരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിദ്യാർത്ഥിക്ക് മറ്റൊരു അവസരം കൂടി നൽകാൻ ഐ.ഐ.ടി അധികൃതരുടെ തീരുമാനം. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ശേഷം ‘എനിക്ക് വേണ്ടത് ഒരു അർഹമായ അവസരം മാത്രമാണ്’ എന്ന സന്ദേശമാണ് വിദ്യാർത്ഥി വെബ്‌സൈറ്റിൽ പതിപ്പിച്ചത്.

ബി.ടെക് സൈബർ സെക്യൂരിറ്റി കോഴ്‌സിലേക്ക് പ്രവേശനം നേടാൻ സാധിക്കാതെ വന്നതോടെയാണ് വിദ്യാർത്ഥി ഈ വഴി തിരഞ്ഞെടുത്തത്. എന്നാൽ സംഭവത്തിൽ പോലീസിൽ പരാതി നൽകി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് പകരം, വിദ്യാർത്ഥിയുടെ കഴിവ് മാനിക്കുകയും മറ്റൊരു അവസരം നൽകാൻ തീരുമാനിക്കുകയുമായിരുന്നു സ്ഥാപനം.

വിദ്യാർത്ഥിയുടെ ഭാവി നശിച്ചുപോകരുത് എന്ന കരുതൽ കൊണ്ടാണ് ഇത്തരമൊരു നിലപാടെടുത്തതെന്ന് ഐ.ഐ.ടി കാൺപൂർ ഡയറക്ടർ മണീന്ദ്ര അഗർവാൾ വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ‘C3iHub’ സൈബർ സെക്യൂരിറ്റി സെന്ററിൽ വിദ്യാർത്ഥിക്ക് ഇൻ്റേൺഷിപ്പ് നൽകുന്നത് പരിഗണനയിലാണെന്നും അടുത്ത വർഷത്തെ പ്രവേശനത്തിനായി ശ്രമിക്കാമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ സ്ഥാപനങ്ങളുടെ സിസ്റ്റങ്ങൾ ഹാക്ക് ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

വെബ്‌സൈറ്റിന്റെ ഒരു ഭാഗം തിരുത്തി സന്ദേശം രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഹാക്കിംഗിന്റെ സ്ക്രീൻഷോട്ടുകൾ എക്‌സ്, റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിദ്യാർത്ഥി തന്നെ പങ്കുവെക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. സിസ്റ്റത്തിന് കേടുപാടുകൾ വരുത്താൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും, പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ തന്റെ സൈബർ സെക്യൂരിറ്റി കഴിവുകൾ തെളിയിക്കാൻ മാത്രമാണ് ഇത് ചെയ്തതെന്നുമാണ് വിദ്യാർത്ഥിയുടെ വാദം.

ഹാക്കത്തൺ അടക്കമുള്ള വിവിധ ഘട്ടങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് കഴിവ് തെളിയിക്കാൻ അവസരമുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വിദ്യാർത്ഥിക്ക് അത് സാധിച്ചിരുന്നില്ല എന്ന് ഡയറക്ടർ പറഞ്ഞു. നിയമനടപടികളിലേക്ക് കടക്കാതെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചെങ്കിലും ഇത്തരം തെറ്റായ മാർഗ്ഗങ്ങൾ സ്വീകരിക്കരുതെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.

സൈബർ സെക്യൂരിറ്റി മേഖലയിൽ താല്പര്യവും കഴിവുമുള്ളവർക്ക് C3iHub-ലേക്ക് ഇൻ്റേൺഷിപ്പിനോ ജോലിക്കോ അപേക്ഷിക്കാമെന്നും, കൃത്യമായ നിയമപരമായ മാർഗ്ഗങ്ങളിലൂടെ മാത്രമേ ഇത്തരം അവസരങ്ങൾ നേടിയെടുക്കാൻ ശ്രമിക്കാവൂ എന്നും ഐ.ഐ.ടി കാൺപൂർ വ്യക്തമാക്കി.

Also read: