നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; ‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടി
കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിന് വൻ തിരിച്ചടി. പൊലീസിന്റെ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാദിന്റെ യൂട്യൂബ് ചാനൽ കമ്പനി പൂർണ്ണമായി നീക്കം ചെയ്തു (Terminate). അതിനിടെ, പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ട് പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ആലുവ റൂറൽ സൈബർ പൊലീസ് ഐ.ടി നിയമപ്രകാരം നിഹാദിനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായി പൊലീസ് നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് ഇപ്പോൾ ചാനലിനെതിരെ നടപടിയുണ്ടായിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിരവധി തവണ പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും പ്രതി ഒളിവിൽ തുടരുകയായിരുന്നു. ഇയാളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയ സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാൻ നിഹാദ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. പോക്സോ, മയക്കുമരുന്ന് കേസുകൾ, മാനസിക-ശാരീരിക പീഡനങ്ങൾ, അശ്ലീലപ്രദർശനം, കടുത്ത സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള ഒട്ടനവധി ആരോപണങ്ങളാണ് തൊപ്പിക്കും കൂട്ടാളികൾക്കുമെതിരെ ഉയർന്നിട്ടുള്ളത്. ഇതുസംബന്ധിച്ച് സംസ്ഥാന ഡിജിപിക്ക് ഉൾപ്പെടെ നേരത്തെ പരാതികൾ ലഭിച്ചിരുന്നു.