02/09/2026
[fontresizer_tawhidurrahmandear_widget]

പരന്തൂർ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് തമിഴ്‌നാട് സർക്കാർ; സാധാരണക്കാരെ കുടിയൊഴിപ്പിച്ചുള്ള വികസനം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വിജയ്

 പരന്തൂർ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് തമിഴ്‌നാട് സർക്കാർ; സാധാരണക്കാരെ കുടിയൊഴിപ്പിച്ചുള്ള വികസനം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: കർഷക പ്രക്ഷോഭങ്ങൾക്കും ശക്തമായ ജനകീയ എതിർപ്പുകൾക്കും വഴിവെച്ച പരന്തൂർ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി തമിഴ്‌നാട് സർക്കാർ പൂർണമായും ഉപേക്ഷിച്ചു. ജനങ്ങളെയും കർഷകരെയും സ്വന്തം മണ്ണിൽ നിന്ന് കുടിയൊഴിപ്പിച്ചുകൊണ്ട് ഒരു വികസന പദ്ധതിയും സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ വ്യക്തമാക്കി.

കാഞ്ചിപുരത്തിന് സമീപമുള്ള പരന്തൂരിൽ വിമാനത്താവളം നിർമിക്കാനുള്ള നീക്കത്തിനെതിരെ മാസങ്ങളായി പ്രദേശവാസികളും കർഷകരും രൂക്ഷമായ പ്രക്ഷോഭത്തിലായിരുന്നു. പദ്ധതി നടപ്പിലായാൽ ആയിരക്കണക്കിന് ഏക്കർ ഫലഭൂയിഷ്ഠമായ കൃഷിഭൂമിയും സാധാരണക്കാരുടെ കിടപ്പാടങ്ങളും നഷ്ടപ്പെടുമെന്ന ആശങ്ക ഉയർന്നതിനെ തുടർന്നാണ് പദ്ധതിക്ക് പൂർണവിരാമമിടാൻ സർക്കാർ തീരുമാനിച്ചത്. ജനങ്ങളുടെ കണ്ണീരപ്പൊപ്പമാണ് സർക്കാർ നിലകൊള്ളുന്നതെന്നും ഗ്രാമീണരുടെ ഉപജീവനമാർഗ്ഗം തകർക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

പരന്തൂരിന് പകരം പരിസ്ഥിതിക്കും ജലാശയങ്ങൾക്കും ആഘാതമുണ്ടാക്കാത്തതും ജനവാസ മേഖല അല്ലാത്തതുമായ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. വിദഗ്‌ധ സംഘങ്ങളുടെ സാങ്കേതിക പഠനങ്ങൾക്ക് ശേഷം, ജനങ്ങളുടെ പൂർണ സമ്മതത്തോടെ മാത്രമേ പുതിയ വിമാനത്താവള പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകൂ.

അതുവരെ ചെന്നൈയിലെ വ്യോമയാന ഗതാഗത തിരക്ക് പരിഹരിക്കുന്നതിനായി നിലവിലുള്ള മീനംപാക്കം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ചാമത്തെ ടെർമിനൽ നിർമിക്കാനും തീരുമാനമായിട്ടുണ്ട്. മീനംപാക്കത്തെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിലൂടെ നഗരത്തിലെ യാത്രാ പ്രതിസന്ധിക്ക് ഫലപ്രദമായ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

Also read: