പാരിസിലെ സ്ട്രീറ്റ് കഫേയിൽ സാധാരണക്കാരനായി ഖത്തർ അമീർ; കാപ്പി കുടിച്ച് ‘ചിൽ മൂഡിൽ’ ശൈഖ് തമീം | Qatar Emir Sheikh Tamim in Paris Cafe
പാരിസ്: ഔദ്യോഗിക പദവിയുടെ പ്രോട്ടോക്കോളുകളോ കനത്ത സുരക്ഷാ സന്നാഹങ്ങളോ ഒന്നുമില്ലാതെ പാരീസിലെ തെരുവിൽ സാധാരണക്കാരനായി കാപ്പി കുടിക്കുന്ന ഖത്തർ അമീറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു(Qatar Emir Sheikh Tamim in Paris Cafe). മൊറോക്കൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുൻ പരിശീലകൻ വാലിദ് റെഗ്രാഗുയിക്കൊപ്പമാണ് ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പാരിസിലെ കഫേയിൽ സമയം ചെലവഴിച്ചത്. പാരീസിലെ ഏഴാം അറോൺഡിസ്മെന്റിലുള്ള ‘ലെ സെന്റ് ജർമെയ്ൻ’ എന്ന നടപ്പാതയോട് ചേർന്നുള്ള പ്രശസ്തമായ കഫേയിലാണ് ഇരുവരും ഒരുമിച്ചിരുന്നത്.
ടിഷര്‍ട്ടും സണ്‍ഗ്ലാസും; ചില്ലായി അമീര്‍ | Qatar Emir Sheikh Tamim in Paris Cafe
സാധാരണ ടിഷർട്ടും പാന്റ്സും സൺഗ്ലാസും ധരിച്ചെത്തിയ ഖത്തർ അമീർ, കഫേയുടെ പുറംഭാഗത്ത് ആളുകൾക്കിടയിലിരുന്ന് എസ്പ്രസ്സോ കാപ്പി കുടിക്കുന്നതും വാലിദ് റെഗ്രാഗുയിയുമായി സംസാരിക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഒരു രാഷ്ട്രത്തലവന്റെ സാന്നിധ്യത്തിന്റേതായ യാതൊരു ഗൗരവവുമില്ലാതെ, തികച്ചും സ്വസ്ഥമായ അന്തരീക്ഷത്തിലായിരുന്നു അദ്ദേഹം സമയം ചെലവഴിച്ചത്. കഫേയിൽ തൊട്ടപ്പുറത്തിരുന്നവർക്കു പോലും അദ്ദേഹത്തെ തിരിച്ചറിയാനായില്ല.
അതേസമയം, അമീറിനെ തിരിച്ചറിഞ്ഞ വഴിയാത്രക്കാരും നാട്ടുകാരും ശൈഖ് തമീമുമായി സാധാരണ നിലയിൽ ആശയവിനിമയം നടത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ഫ്രഞ്ച്, അറബ് ഭാഷകളിലുള്ള പ്രമുഖ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവന്ന വീഡിയോ മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തിയത്. ഗൾഫ് ഭരണാധികാരികളുടെ പതിവ് സുരക്ഷാ രീതികളിൽനിന്ന് വ്യത്യസ്തമായി, പരസ്യമായ ഒരു പൊതുസ്ഥലത്ത് ലളിതമായി ഇടപെടുന്ന അമീറിന്റെ വിനയവും ലാളിത്യവുമാണ് സമൂഹമാധ്യമങ്ങളിൽ പ്രശംസ പിടിച്ചുപറ്റുന്നത്. (Qatar Emir Sheikh Tamim in Paris Cafe)
മുൻപ് ഖത്തറിലെ ക്ലബ്ബുകളിൽ പരിശീലകനായിരുന്ന വാലിദ് റെഗ്രാഗുയിയുമായുള്ള കൂടിക്കാഴ്ച കേവലം സൗഹൃദ സന്ദർശനം മാത്രമാണെങ്കിലും, ഖത്തർ ദേശീയ ടീമുമായി ബന്ധപ്പെട്ട എന്തെങ്കിലും ഫുട്ബോൾ ചർച്ചകൾ നടന്നിട്ടുണ്ടോ എന്ന തരത്തിലുള്ള ആകാംക്ഷയും കായിക പ്രേമികൾ പങ്കുവയ്ക്കുന്നുണ്ട്.