02/08/2026
[fontresizer_tawhidurrahmandear_widget]

തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും കനത്ത കടലാക്രമണം: വീടുകളിൽ വെള്ളം കയറി; നാട്ടുകാർ റോഡ് ഉപരോധിച്ചു

 തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും കനത്ത കടലാക്രമണം: വീടുകളിൽ വെള്ളം കയറി; നാട്ടുകാർ റോഡ് ഉപരോധിച്ചു

ഹരിപ്പാട്: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം അതിരൂക്ഷം. ശക്തമായ കാലവർഷത്തിലും കടൽക്ഷോഭത്തിലും തീരദേശവാസികളുടെ ജീവിതം പൂർണമായും ദുരിതത്തിലായി. ഇന്നലെ പുലർച്ചെയുണ്ടായ കനത്ത കാറ്റിലും മഴയിലും തൃക്കുന്നപ്പുഴ പ്രണവം ജങ്ഷനും മൂത്തേരിക്കുമിടയിൽ 15 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണു. രാവിലെ മുതൽ കടലാക്രമണം ശക്തമായതോടെ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്.

തിരമാലകൾ ശക്തമായതോടെ തീരദേശ റോഡിൽ മണൽ അടിഞ്ഞുകൂടി. തൃക്കുന്നപ്പുഴ പ്രണവം ജങ്ഷനിൽ ജലജീവൻ മിഷനായി റോഡരികിൽ ഇറക്കിവെച്ച പൈപ്പുകൾ തിരയിലകപ്പെട്ട് റോഡിൽ ചിതറിക്കിടക്കുകയാണ്. മംഗലം, കുറിച്ചിക്കൽ ഭാഗങ്ങളിൽ റോഡ് ഉയർന്ന നിലയിലായതിനാൽ കടൽവെള്ളം ഒഴുകിപ്പോകാനാവാതെ വീട്ടുപരിസരങ്ങളിൽ കെട്ടിക്കിടക്കുന്നു. കടൽഭിത്തിയില്ലാത്ത മംഗലം, പത്തിശ്ശേരി പ്രദേശങ്ങളിലാണ് ദുരിതം ഏറ്റവും രൂക്ഷം.

തുടർച്ചയായ ദുരിതത്തിൽ പ്രതിഷേധിച്ച് മംഗലത്ത് നാട്ടുകാർ റോഡിന് കുറുകെ വലകെട്ടി ഗതാഗതം തടഞ്ഞു. റവന്യൂ, പോലീസ്, പഞ്ചായത്ത് അധികൃതർ ആരും തന്നെ ഇതുവരെ സ്ഥലത്തെത്തിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വലിയഴീക്കൽ പാലം വഴിയെത്തുന്ന ചരക്കുലോറികൾ അടക്കമുള്ള വാഹനങ്ങൾ വഴിതിരിഞ്ഞുപോവാൻ സാധിക്കാതെ സമാന്തര റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയാണ്. ഇത് നിയന്ത്രിക്കാൻ അധികൃതർ ഇടപെടാത്തത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുന്നു.

Also read: