‘അംബാനീ, താങ്കൾക്ക് നഷ്ടപ്പെടാൻ പലതുമുണ്ടാകും; ഈ വൃത്തികെട്ട കളിനിർത്തണം’-രൂക്ഷവിമർശനവുമായി സുഭാഷ് ചന്ദ്ര | Subhash Chandra Mukesh Ambani Fued Row
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും റിലയൻസ് ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾക്കുമെതിരെ രൂക്ഷമായ ഭാഷയിൽ തുറന്നടിച്ച് എസ്സെൽ ഗ്രൂപ്പ് മുൻ ചെയർമാൻ സുഭാഷ് ചന്ദ്ര(Subhash Chandra Mukesh Ambani Fued Row). ദേശീയ കമ്പനി നിയമ ട്രിബ്യൂണലിലെ (എൻസിഎൽടി) തന്റെ വ്യക്തിഗത പാപ്പരത്ത നടപടികളുമായി ബന്ധപ്പെട്ട് റിലയൻസിന് കീഴിലുള്ള മാധ്യമ സ്ഥാപനങ്ങൾ തെറ്റായ വാർത്തകളും നുണപ്രചാരണങ്ങളും നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തനിക്കെതിരെയുള്ള ഈ വൃത്തികെട്ട കളി അംബാനി അവസാനിപ്പിക്കണമെന്നും ഇനി നഷ്ടപ്പെടാൻ തനിക്ക് ഒന്നുമില്ലെന്നും എന്നാൽ അംബാനിക്ക് ഒളിപ്പിച്ചുവക്കാനും നഷ്ടപ്പെടാനും പലതുമുണ്ടെന്നും സുഭാഷ് ചന്ദ്ര തുറന്നടിച്ചു. തനിക്കെതിരായ വ്യാജപ്രചാരണങ്ങൾ തുടരുകയാണെങ്കിൽ മിണ്ടാതിരിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പും അദ്ദേഹം നൽകി.
തന്റെ വ്യക്തിഗത പാപ്പരത്ത നടപടികളുമായി ബന്ധപ്പെട്ട് റിലയൻസ് ഉടമസ്ഥതയിലുള്ള നെറ്റ്വർക്ക് 18, സിഎൻബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ തെറ്റായ വാർത്തകളും നുണപ്രചാരണങ്ങളും പടച്ചുവിടുകയാണെന്ന് സുഭാഷ് ചന്ദ്ര ആരോപിച്ചു. 22,000 കോടി രൂപയുടെ ബാധ്യത വെറും 6.5 കോടി രൂപയ്ക്ക് ഒത്തുതീർപ്പാക്കിയെന്ന തരത്തിൽ തെറ്റായ ആഖ്യാനങ്ങൾ ചമച്ച് തന്നെയും തന്റെ ഗ്രൂപ്പിനെയും വേട്ടയാടാനാണ് റിലയൻസ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ തുറന്നടിച്ചു.
റിലയൻസ് മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് സുഭാഷ് ചന്ദ്ര | Subhash Chandra Mukesh Ambani Fued Row
സീ ന്യൂസ് വഴി പുറത്തുവിട്ട പ്രത്യേക വീഡിയോ സന്ദേശത്തിലാണ് സുഭാഷ് ചന്ദ്ര മുകേഷ് അംബാനിയുടെ പേരെടുത്ത് പറഞ്ഞ് കടുത്ത ഭാഷയിൽ പ്രതികരിച്ചത്. തനിക്കെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അദ്ദേഹം അംബാനിയോട് ആവശ്യപ്പെട്ടു. ‘മുകേഷ് ജി, എനിക്കെതിരെയും എന്റെ ഗ്രൂപ്പിനെതിരെയും നടത്തുന്ന തെറ്റായ പ്രചാരണങ്ങൾ ദയവായി നിർത്തുക. സീ ഒരു ഗ്രൂപ്പ് കമ്പനിയാണ്. ഈ എൻസിഎൽടി ഉത്തരവ് നടപ്പിലാക്കിയ ശേഷം എനിക്ക് അതിൽ ഓഹരിയോ ഉടമസ്ഥതയോ ഇല്ല. താങ്കൾ ധീരുഭായ് അംബാനിയുടെ മകനാണ്. അദ്ദേഹത്തിൽനിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്, എന്നാൽ, താങ്കൾ അദ്ദേഹത്തിൽനിന്ന് ഒന്നും തന്നെ പഠിച്ചിട്ടില്ലെന്നാണ് തോന്നുന്നത്’ – സുഭാഷ് ചന്ദ്ര കുറ്റപ്പെടുത്തി.
റിലയൻസ് മാധ്യമങ്ങളിൽ തെറ്റായ കണക്കുകൾ പ്രചരിച്ചതിനെത്തുടർന്ന് താൻ മുകേഷ് അംബാനിയെ ഫോണിൽ നേരിട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും തുടർന്ന് അദ്ദേഹത്തിന് കത്തയച്ചതായും സുഭാഷ് ചന്ദ്ര വെളിപ്പെടുത്തി. നെറ്റ്വർക്ക് 18 എഡിറ്റർ ഇൻ ചീഫുമായി ബന്ധപ്പെട്ടപ്പോൾ മുകളിൽനിന്നുള്ള നിർദേശമുള്ളതിനാലാണ് ഇത്തരത്തിൽ വാർത്തകൾ നൽകേണ്ടി വരുന്നതെന്നാണ് അദ്ദേഹം അറിയിച്ചതെന്നും ചന്ദ്ര ആരോപിച്ചു. ഇനി നഷ്ടപ്പെടാൻ തനിക്ക് ഒന്നുമില്ലെന്നും, എന്നാൽ മറുവശത്ത് മുകേഷ് അംബാനിക്ക് ഒട്ടേറെ കാര്യങ്ങൾ നഷ്ടപ്പെടാനുണ്ടെന്നും പലതും ഒളിച്ചുവക്കാനുണ്ടെന്നും ഓർമിപ്പിച്ച ചന്ദ്ര, വ്യാജപ്രചാരണങ്ങൾ നിർത്തിയില്ലെങ്കിൽ താൻ മിണ്ടാതിരിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.
2019-ലെ സീ പ്രതിസന്ധിയും അംബാനിയുടെ ഉപദേശവും | Subhash Chandra Mukesh Ambani Fued Row
2019-ൽ സീ എന്റർടൈൻമെന്റ് നേരിട്ട സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ഏറ്റെടുക്കൽ നീക്കങ്ങളെക്കുറിച്ചും സുഭാഷ് ചന്ദ്ര ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 2019 ജനുവരിയിൽ സീയുടെ ഓഹരികളിൽ ഒറ്റ ദിവസം കൊണ്ട് 40 ശതമാനത്തോളം വൻ ഇടിവുണ്ടായതിന് പിന്നിൽ ഷെൽ കമ്പനികൾക്ക് പങ്കുണ്ടായിരുന്നുവെന്നും അത് ബോധപൂർവം സൃഷ്ടിക്കപ്പെട്ടതാണെന്നും അദ്ദേഹം ആരോപിച്ചു. ബാധ്യതകൾ തീർക്കാനായി സീ കമ്പനി വിൽക്കാനുള്ള സന്നദ്ധതയുമായി മുകേഷ് അംബാനിയെ സമീപിച്ചപ്പോൾ, ബാങ്കുകൾക്ക് പലിശയടക്കം പണം തിരികെ നൽകുന്നത് എന്തിനാണെന്നും ആരും അങ്ങനെ ചെയ്യാറില്ലെന്നുമുള്ള വിചിത്രമായ ഉപദേശമാണ് അംബാനി നൽകിയതെന്ന് ചന്ദ്ര വെളിപ്പെടുത്തി.
തുടർന്ന് വിദേശ നിക്ഷേപകരായ ഇൻവെസ്കോയുമായി ചേർന്ന് സീ ഏറ്റെടുക്കാൻ റിലയൻസ് ശ്രമം നടത്തിയിരുന്നുവെന്നും എന്നാൽ ആ കരാർ തന്റെ കുടുംബത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതും ചെറുകിട നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് മനസ്സിലായതിനാലാണ് താൻ അതിൽനിന്ന് പിന്മാറി സോണിയുമായുള്ള ലയനത്തിലേക്ക് നീങ്ങിയതെന്നും സുഭാഷ് ചന്ദ്ര വ്യക്തമാക്കി. ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ പ്രതിസന്ധികളിൽനിന്ന് താൻ ഒളിച്ചോടിയിട്ടില്ലെന്നും 45,000 കോടി രൂപയുടെ ബാധ്യതയിൽ 43,000 കോടി രൂപയും ഓഹരികളും വ്യക്തിഗത സ്വത്തുക്കളും വിറ്റ് ഇതിനകം തിരിച്ചടച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ജീവിതകാലത്ത് 60,000 മുതൽ 70,000 കോടി രൂപ വരെ പലിശയിനത്തിൽ മാത്രം ബാങ്കുകൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് റിലയൻസ് | Subhash Chandra Mukesh Ambani Fued Row
സുഭാഷ് ചന്ദ്രയുടെ പരസ്യ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് രംഗത്തെത്തി. ചന്ദ്രയുടെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും നിരാശാജനകവുമാണെന്ന് റിലയൻസ് വക്താവ് വ്യക്തമാക്കി. റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമായ ഒരു മാധ്യമ സ്ഥാപനത്തെയും ആരെയും വ്യക്തിപരമായി വേട്ടയാടാനോ ആക്രമിക്കാനോ ഉപയോഗിച്ചിട്ടില്ലെന്നും ഭാവിയിൽ അങ്ങനെ ചെയ്യുകയില്ലെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സുഭാഷ് ചന്ദ്രയെ ഒരു ബിസിനസുകാരൻ എന്ന നിലയിലും സംരംഭകൻ എന്ന നിലയിലും എന്നും ഉയർന്ന ബഹുമാനത്തോടെയാണ് റിലയൻസ് കാണുന്നത്. അദ്ദേഹത്തിന്റെ ഭാവിജീവിതത്തിന് എല്ലാവിധ നന്മകളും നേരുന്നുവെന്നും റിലയൻസ് കൂട്ടിച്ചേർത്തു.