22/10/2026
[fontresizer_tawhidurrahmandear_widget]

ആലുവയിൽ പ്രവാസി മലയാളിക്കു നേരെ കവർച്ചാസംഘത്തിന്റെ ക്രൂരത: കല്ലെറിഞ്ഞു വീഴ്ത്തി, കയറുകൊണ്ട് കെട്ടി കനാലിൽ തള്ളി; സ്വർണവും പണവും കവർന്നു

 ആലുവയിൽ പ്രവാസി മലയാളിക്കു നേരെ കവർച്ചാസംഘത്തിന്റെ ക്രൂരത: കല്ലെറിഞ്ഞു വീഴ്ത്തി, കയറുകൊണ്ട് കെട്ടി കനാലിൽ തള്ളി; സ്വർണവും പണവും കവർന്നു

ആലുവ: ആലുവ നഗരമധ്യത്തില്‍ റെയില്‍വേ സ്റ്റേഷന് സമീപം പ്രവാസി മലയാളിക്ക് നേരെ നടുക്കുന്ന കവര്‍ച്ചാ ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കോടനാട് സ്വദേശി ജോഫിന്‍ ജിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന ജോഫിനെ രണ്ടുപേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയും തലയ്ക്ക് കല്ലെറിഞ്ഞു വീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് കയറുകൊണ്ട് കെട്ടിയിട്ട ശേഷം സമീപത്തെ കനാലിലേക്ക് തള്ളി. ഇതിനുശേഷം നെഞ്ചില്‍ കരിങ്കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്പിച്ചാണ് കൈവശമുണ്ടായിരുന്ന മാലയും പണവും കവര്‍ന്നത്. റെയില്‍വേ സ്റ്റേഷന് പിന്നിലെ ഗുഡ്‌സ് യാര്‍ഡ് വഴിയുള്ള യാത്രയ്ക്കിടയിലാണ് സംഭവം.

അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അറിയിച്ചു. പ്രദേശത്ത് ഇരുട്ടിന്റെ മറവില്‍ സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുന്ന കാര്യം നേരത്തെ തന്നെ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാത്രികാലങ്ങളില്‍ പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതും സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതുമാണ് ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുന്‍പും ഈ ഭാഗത്ത് സമാനമായ രീതിയില്‍ ആക്രമണങ്ങള്‍ നടന്നിട്ടുള്ളതായി പ്രദേശ്വാസികള്‍ പറയുന്നു.

Also read: