അശുതോഷ് റാങ്കയും സംഘവും അസമിൽ കസ്റ്റഡിയിൽ; സ്കൂളുകളുടെ യാഥാർഥ്യം പുറത്തുവരുമെന്ന ഭയമെന്ന് സിജെപി
ഗുവാഹത്തി: അസം സന്ദർശനത്തിനെത്തിയ കോക്രോച്ച് ജനത പാർട്ടി കോ-കൺവീനർ അശുതോഷ് റാങ്കയെയും പാർട്ടിയുടെ മറ്റ് പ്രധാന നേതാക്കളെയും വോളന്റീയർമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ ദിസ്പൂരിൽ അസം സെക്രട്ടേറിയറ്റിന് സമീപത്തുവെച്ചായിരുന്നു സംഭവം. പാർട്ടിയുടെ ആദ്യ പ്രാദേശിക വോളന്റീയർ യോഗത്തിൽ പങ്കെടുക്കാനായി പ്രവർത്തകർ എത്തുന്നതിനിടെയാണ് പോലീസ് നടപടിയുണ്ടായത്.
അശുതോഷ് റാങ്കയ്ക്ക് പുറമേ അങ്കിത് ഭരദ്വാജ്, പ്രേം ആകാശ് ഉൾപ്പെടെയുള്ള സി.ജെ.പി നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത് ഗുവാഹത്തിയിലെ പോലീസ് കേന്ദ്രത്തിലേക്ക് മാറ്റിയതായി പാർട്ടി അറിയിച്ചു. അസമിലെ സർക്കാർ സ്കൂളുകളുടെ യഥാർഥ അവസ്ഥ പുറത്തുവരുമെന്ന ഭയമാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കുള്ളതെന്ന് കസ്റ്റഡിയിലാകുന്നതിന് മുൻപ് അശുതോഷ് റാങ്ക ആരോപിച്ചു. സ്കൂളുകൾ നേരിട്ട് സന്ദർശിച്ച് വിവരങ്ങൾ രേഖപ്പെടുത്താനും വോളന്റീയർമാരുമായി ചർച്ച നടത്താനുമായിരുന്നു തങ്ങളുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
അസമിലെ സ്കൂളുകളുടെ അവസ്ഥ പുറത്തുകൊണ്ടുവന്നാൽ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾ രാജ്യത്തിന് മുന്നിൽ വെളിപ്പെടുമെന്ന് അദ്ദേഹം തുറന്നടിച്ചു. കാസിരംഗയിലെ പ്രദേശവാസികളുടെ അവകാശങ്ങൾ ഇല്ലാതാക്കി ഭൂമിയും വനവും ജലസ്രോതസ്സുകളും കോർപ്പറേറ്റുകൾക്ക് കൈമാറുകയാണ് സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.
അസമിലെത്തുന്നതിന് മുൻപ് തന്നെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സംസ്ഥാനത്തെ കുടുംബങ്ങളുടെ ആശങ്കകളും ചർച്ച ചെയ്യുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഝാർഖണ്ഡ്, രാജസ്ഥാൻ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാർ സ്കൂളുകളിൽ സമാനമായ പരിശോധനാ കാമ്പയിൻ സി.ജെ.പി നേരത്തെ നടത്തിയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ മുൻനിർത്തി സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും റാങ്ക വ്യക്തമാക്കി.