പുഴുങ്ങിയ മുട്ട കേടാകാതെ എത്ര സമയം സൂക്ഷിക്കാം? ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ അറിയണം ഈ കാര്യങ്ങൾ!
പ്രോട്ടീന്റെയും മറ്റ് പ്രധാന പോഷകങ്ങളുടെയും മികച്ച ഉറവിടമായ പുഴുങ്ങിയ മുട്ട ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. എന്നാൽ, പുഴുങ്ങിയ മുട്ട ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അത് എളുപ്പത്തിൽ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറാനും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാനും സാധ്യതയേറെയാണ്.
മുട്ട പുഴുങ്ങുമ്പോൾ അതിന്റെ സ്വാഭാവിക സംരക്ഷണ പാളിയായ ക്യൂട്ടിക്കിൾ നഷ്ടപ്പെടുന്നു. ഇതോടെ ബാക്ടീരിയകൾക്ക് മുട്ടയ്ക്കുള്ളിലേക്ക് എളുപ്പത്തിൽ കടന്നുകൂടാൻ സാധിക്കും. അന്തരീക്ഷ താപനിലയിൽ ദീർഘനേരം വയ്ക്കുമ്പോൾ സാൽമൊണല്ല പോലുള്ള അപകടകാരികളായ ബാക്ടീരിയകൾ അതിവേഗം വളരുകയും ഭക്ഷ്യജന്യ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
- സാധാരണ താപനിലയിൽ (റൂം ടെംപറേച്ചർ): പുഴുങ്ങിയ മുട്ട സാധാരണ താപനിലയിൽ വയ്ക്കുകയാണെങ്കിൽ പരമാവധി രണ്ട് മണിക്കൂറിനകം കഴിക്കേണ്ടതാണ്.
- അന്തരീക്ഷ താപനില ഉയർന്നുനിൽക്കുമ്പോൾ: അന്തരീക്ഷ താപനില 32 ഡിഗ്രി സെൽഷ്യസിന് മുകളിലാണെങ്കിൽ മുട്ട പുഴുങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
- ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ: പിന്നീട് ഉപയോഗിക്കാനായി മാറ്റിവയ്ക്കുന്ന പുഴുങ്ങിയ മുട്ട തോടുകളയാതെ ഉടൻ തന്നെ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. തണുത്ത താപനിലയിൽ തോടോടുകൂടി സൂക്ഷിച്ചാൽ ഏഴു ദിവസം വരെ ഇത് സുരക്ഷിതമായി ഉപയോഗിക്കാം.
- ഫ്രിഡ്ജിന്റെ വാതിലിൽ വയ്ക്കരുത്: പുഴുങ്ങിയ മുട്ട ഫ്രിഡ്ജിന്റെ വാതിലിലെ ഷെൽഫുകളിൽ വയ്ക്കുന്നത് ഒഴിവാക്കണം. വാതിൽ ഇടയ്ക്കിടെ തുറക്കുമ്പോൾ ഉണ്ടാകുന്ന താപനില വ്യതിയാനം മുട്ട കേടാകാൻ ഇടയാക്കും. അതിനാൽ ഫ്രിഡ്ജിന് ഉള്ളിലെ തണുപ്പ് കൂടുതൽ ലഭിക്കുന്ന ഭാഗങ്ങളിൽ വേണം മുട്ട സൂക്ഷിക്കാൻ.
ഉപയോഗിക്കുന്നതിന് മുൻപ് പരിശോധിക്കാം
ഭക്ഷണത്തിന് മുൻപ് മുട്ടയുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പുഴുങ്ങിയ മുട്ടയ്ക്ക് ദുർഗന്ധമോ, സൾഫറിന്റെ രൂക്ഷഗന്ധമോ, വഴുവഴുപ്പോ അനുഭവപ്പെട്ടാൽ അത് യാതൊരു കാരണവശാലും ഉപയോഗിക്കരുത്. ഇത്തരം മുട്ടകൾ കഴിക്കുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കും. തോടു കളയാതെ കൃത്യമായ രീതിയിൽ സൂക്ഷിച്ചാൽ ഒരാഴ്ച വരെ പോഷകസമ്പുഷ്ടമായ പുഴുങ്ങിയ മുട്ട സുരക്ഷിതമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.