30/09/2026
[fontresizer_tawhidurrahmandear_widget]

‘ഉണർന്ന് അഴിമതിക്കാരായ രാഷ്ട്രീയക്കാരിൽ നിന്ന് നിയന്ത്രണം തിരിച്ചുപിടിക്കൂ’: അമേരിക്കൻ ജനതയ്ക്ക് തുറന്ന കത്തുമായി ഐആർജിസി

 ‘ഉണർന്ന് അഴിമതിക്കാരായ രാഷ്ട്രീയക്കാരിൽ നിന്ന് നിയന്ത്രണം തിരിച്ചുപിടിക്കൂ’: അമേരിക്കൻ ജനതയ്ക്ക് തുറന്ന കത്തുമായി ഐആർജിസി

തെഹ്‌റാന്‍: അമേരിക്കന്‍ ജനതയോട് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ ഭരണനിയന്ത്രണം അഴിമതിക്കാരായ രാഷ്ട്രീയക്കാരില്‍ നിന്ന് തിരിച്ചുപിടിക്കാനും ആഹ്വാനം ചെയ്ത് ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷ്യനറി ഗാര്‍ഡ് കോപ്‌സ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിന്റെ ഏഴാം മാസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസ് ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് ഐആര്‍ജിസി ദീര്‍ഘമായ തുറന്ന കത്ത് പുറത്തുവിട്ടത്.

വാഷിങ്ടണിന്റെ വ്യാജ പ്രചാരണങ്ങളെയും അമേരിക്കയുടെ സൈനിക തകര്‍ച്ചയെയും കത്തിലൂടെ ഐആര്‍ജിസി ഘട്ടം ഘട്ടമായി വിചാരണ ചെയ്യുന്നു. ഏഴ് മാസം മുമ്പ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് അമേരിക്ക നടത്തിയ ആക്രമണത്തില്‍ മിനാബിലെ സ്‌കൂളില്‍ 168 കുട്ടികളും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയും കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഭരണമാറ്റം എന്ന അമേരിക്കയുടെ ലക്ഷ്യം പൂര്ണമായും പരാജയപ്പെട്ടുവെന്ന് കത്തിൽ അവകാശപ്പെടുന്നു. പ്രതിരോധ ബജറ്റിന്റെ ഒരു ശതമാനം മാത്രം ചെലവഴിച്ച് അധിനിവേശത്തെ ചെറുത്ത ഇറാന്‍, പേര്‍ഷ്യൻ ഗൾഫിലെ 18 യുഎസ് സൈനിക താവളങ്ങൾ തകർക്കുകയും 200-ലധികം ഡ്രോണുകളും 30 യുദ്ധവിമാനങ്ങളും തകർത്തതോടെ യുഎസ് കപ്പലുകൾക്ക് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പിൻവാങ്ങേണ്ടി വരികയും ചെയ്തു. നിലവിൽ ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാന്റെ കൈകളിലാണ്.

‘അമേരിക്കയ്ക്ക് മരണം’ എന്ന മുദ്രാവാക്യം സാധാരണ ജനങ്ങൾക്കെതിരെയല്ലെന്നും, മറിച്ച് വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് ലോകത്തെ അടിച്ചമർത്തുന്ന ഭരണവർഗത്തിനെതിരെയുള്ള പ്രതിഷേധമാണെന്നും കത്തിൽ വ്യക്തമാക്കുന്നു. 40 ദശലക്ഷത്തോളം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന അമേരിക്കയിൽ സ്വന്തം ജനങ്ങളെ തമ്മിലടിപ്പിച്ചാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്. ഡ്രോണുകളോ മിസൈലുകളോ അല്ല, മറിച്ച് ഖുർആനിലുള്ള വിശ്വാസവും കർബലയിലെ അതിജീവന ചരിത്രവും ദൈവഭയമുള്ള നേതൃത്വവുമാണ് ഇറാന്റെ അജയ്യതയ്ക്ക് കാരണമെന്ന് ഐആര്‍ജിസി വ്യക്തമാക്കുന്നു. ആയത്തുല്ല ഖാംനഇയുടെ രക്തസാക്ഷിത്വത്തിന് ശേഷം പുതിയ നേതാവ് ഇമാം മൊജ്തബ ഖാംനഇയുടെ കീഴിൽ രാജ്യം പ്രതിരോധം ശക്തമായി തുടരുകയാണ്.

1953-ൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മൊസാദ്ദെഖിനെ അട്ടിമറിച്ചത് മുതൽ തുടരുന്ന 73 വർഷത്തെ യുഎസ് ശത്രുത കത്തിൽ അക്കമിട്ട് നിരത്തുന്നു. അഫ്ഗാനിസ്ഥാനിലും (3 ട്രില്യൺ ഡോളർ) ഇറാഖിലും (4 ട്രില്യൺ ഡോളർ) ട്രില്യൺ കണക്കിന് ഡോളറുകൾ പാഴാക്കിയ അമേരിക്കൻ സമ്പദ്‌‌വ്യവസ്ഥ ഇന്ന് 40 ട്രില്യൺ ഡോളറിന്റെ കടക്കെണിയിലാണ്. ഗസ്സയിൽ 21,700 കുട്ടികൾ ഉൾപ്പെടെ 73,900 ഫലസ്തീനികൾ കൊല്ലപ്പെട്ട വംശഹത്യയിൽ അമേരിക്കയ്ക്കുള്ള പങ്കിനെയും, ഇതിൽ പ്രതിഷേധിച്ച് തീകൊളുത്തി മരിച്ച യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥൻ ആരോൺ ബുഷ്നെല്ലിന്റെ ധീരതയെയും കത്ത് പ്രശംസിക്കുന്നു.

ചെലവേറിയ 800-ലധികം വിദേശ സൈനിക താവളങ്ങൾ അടച്ചുപൂട്ടാനും ഇസ്രയേലിനുള്ള സഹായങ്ങൾ അവസാനിപ്പിക്കാനും തങ്ങളുടെ സർക്കാരിനോട് ആവശ്യപ്പെടാൻ അമേരിക്കൻ ജനതയോട് ഐആര്‍ജിസി ആഹ്വാനം ചെയ്യുന്നു. ഖുർആനിലെയും പഴയ നിയമത്തിലെയും വചനങ്ങളും സുവർണ നിയമവും ചൂണ്ടിക്കാട്ടുന്ന കത്ത്, യുഎസ് തങ്ങളുടെ കുറ്റകൃത്യങ്ങൾ തുടർന്നാൽ വൻ സാമ്പത്തിക തകർച്ച നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുന്നു.

Also read: