ബിഹാർ ജാമുയി കേസ്: പ്രധാനപ്രതി നന്ദൻ യാദവിനെ പോലീസ് വെടിവെച്ച് വീഴ്ത്തി; അറസ്റ്റ് ഏറ്റുമുട്ടലിനൊടുവിൽ
പട്ന: ബിഹാറിലെ ജാമുയിയിൽ വിദ്യാർഥികളെ തടഞ്ഞുനിർത്തി ആക്രമിക്കുകയും പെൺകുട്ടിയെ ഉപദ്രവിക്കുകയും ചെയ്ത കേസ്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാനപ്രതി നന്ദൻ യാദവ് പോലീസ് ഏറ്റുമുട്ടലിനൊടുവിൽ പിടിയിലായി. ഇന്ന് നടന്ന ഏറ്റുമുട്ടലിൽ ഇയാളുടെ കാലിന് വെടിയേറ്റു. കേസിലെ മറ്റൊരു പ്രതിയായ ഹരേറാം യാദവും പരിക്കുകളോടെ കസ്റ്റഡിയിലായിട്ടുണ്ട്.
സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കോച്ചിങ് ക്ലാസിന് ശേഷം മദ്വ പഹാഡ് സന്ദർശിച്ച് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞുനിർത്തിയ സംഘം, ആൺകുട്ടിയെ മർദ്ദിക്കുകയും പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. പെൺകുട്ടി കൈകൂപ്പി യാചിച്ചിട്ടും പ്രതികൾ അതിക്രമം തുടരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക ജനരോഷം ഉയർന്നു.
സംഭവത്തിൽ ഏഴുപേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ്, മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ നന്ദൻ യാദവിനെയും ഹരേറാം യാദവിനെയും പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലിലൂടെ ഇരുവരെയും പോലീസ് കീഴടക്കിയത്.
ദേശീയതലത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്ന സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ കർശന നടപടി ആവശ്യപ്പെട്ടിരുന്നു. നിലവിൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.