29/09/2026
[fontresizer_tawhidurrahmandear_widget]

വെള്ളമില്ല: കാക്കനാട് ജില്ലാ ജയിലിൽ തടവുകാരുടെ കുളി തടസ്സപ്പെടുന്നു

 വെള്ളമില്ല: കാക്കനാട് ജില്ലാ ജയിലിൽ തടവുകാരുടെ കുളി തടസ്സപ്പെടുന്നു

കൊച്ചി: ജലക്ഷാമം രൂക്ഷമായതോടെ കാക്കനാട് ചിറ്റേത്തുകരയിലെ ജില്ലാ ജയിലിൽ തടവുകാരുടെ കുളി തടസ്സപ്പെടുന്നു. കഴിഞ്ഞയാഴ്ച തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ കൂറ്റൻ ജലവിതരണ പൈപ്പ് പൊട്ടിയതാണ് ജയിലിലെ ശുദ്ധജല വിതരണത്തെ പ്രതികൂലമായി ബാധിച്ചത്. സംഭരണ സൗകര്യം കുറവായതിനാൽ പൈപ്പ് വഴിയുള്ള വെള്ളം നിലച്ചതോടെ സ്ഥിതി ഗുരുതരമാകുകയായിരുന്നു.

മൂന്ന് ദിവസം കൂടുമ്പോഴാണ് ജല അതോറിറ്റി ഇവിടെ പൈപ്പ് ലൈൻ വഴി വെള്ളം നൽകിയിരുന്നത്. പൈപ്പ് തകരാറിലായതോടെ തടവുകാരോട് ഇടവിട്ട ദിവസങ്ങളിൽ മാത്രം കുളിക്കാൻ അധികൃതർ നിർദേശം നൽകി. കുടിക്കാനും പാചകത്തിനും ഉപയോഗിച്ച ശേഷം മിച്ചമുള്ള വെള്ളമാണ് നിലവിൽ മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നത്. തൃക്കാക്കര നഗരസഭ പ്രദേശത്ത് ആകമാനമുള്ള ജലക്ഷാമം കാരണം സൗജന്യ ടാങ്കർ സേവനം ലഭിക്കാത്തതിനാൽ വൻ തുക നൽകിയാണ് ജയിൽ അധികൃതർ പുറത്തുനിന്ന് ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നത്.

87 പേരെ താമസിപ്പിക്കാൻ ശേഷിയുള്ള ജയിലിൽ നിലവിൽ 216 തടവുകാരുണ്ട്. ആളുകളുടെ എണ്ണം കൂടിയതും പ്രതിസന്ധിയുടെ ആഘാതം വർധിപ്പിച്ചു. അതേസമയം ജലക്ഷാമം പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി വർഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന 10 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല സംഭരണി നവീകരിച്ചു. കൂടാതെ വാട്ടർ അതോറിറ്റിയുടെ ഒരു കണക്ഷൻ കൂടി ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Also read: