22/10/2026
[fontresizer_tawhidurrahmandear_widget]

‘വലിയ ധൂർത്തും ചെലവും’; പിണറായി സർക്കാറിൻ്റെ അഭിമാന പദ്ധതി ‘ലോക കേരളസഭ’ പിരിച്ചുവിട്ടു; പുതിയ ബദൽ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

 ‘വലിയ ധൂർത്തും ചെലവും’; പിണറായി സർക്കാറിൻ്റെ അഭിമാന പദ്ധതി ‘ലോക കേരളസഭ’ പിരിച്ചുവിട്ടു; പുതിയ ബദൽ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ എൽ.ഡി.എഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന ലോക കേരള സഭ പിരിച്ചുവിടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ലോക കേരള സഭ വലിയ ധൂർത്തായിരുന്നുവെന്നും, പകരം പ്രവാസികളുടെ പ്രശ്നങ്ങൾ കൂടുതൽ ഫലപ്രദമായി പരിഹരിക്കാൻ പുതിയ ബദൽ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒന്നാമത്തെ ലോക കേരള സഭയിൽ എടുത്ത തീരുമാനങ്ങൾ തന്നെയാണ് രണ്ടും മൂന്നും സഭകളിലും എടുത്തത്. എന്നാൽ ഇവയൊന്നും തന്നെ പിന്നീട് നടപ്പിലാക്കിയിട്ടില്ല. അന്ന് പ്രതിപക്ഷത്തിരുന്ന് യു.ഡി.എഫ് ആരോപിച്ചതുപോലെ വലിയ സാമ്പത്തിക ധൂർത്തും ചെലവുമാണ് ഈ പദ്ധതിയിലൂടെ ഉണ്ടായതെന്നും അതാണ് പിരിച്ചുവിടാനുള്ള പ്രധാന കാരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ പ്രവാസികളുടെ വരുമാനത്തെ നിക്ഷേപമാക്കി മാറ്റുന്നതിനുള്ള വലിയ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കും. ഇതിനായി മുഖ്യമന്ത്രി ചെയർമാനും വ്യവസായ, ആഭ്യന്തര, ആരോഗ്യ, ജലസേചന മന്ത്രിമാർ അംഗങ്ങളുമായ പ്രത്യേക മന്ത്രിസഭാ ഉപസമിതിക്ക് രൂപം നൽകിയിട്ടുണ്ട്.

കേരളപ്പിറവിയുടെ 70-ാം വാർഷികത്തോട് അനുബന്ധിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിൽ ‘ഫെസ്റ്റിവൽ കേരള’ സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. ആദ്യഘട്ടമായി ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിക്ഷേപക സംഗമം ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും. ഇതിന്റെ നടത്തിപ്പിനായി മുഖ്യമന്ത്രി ചെയർമാനും സാംസ്കാരിക മന്ത്രി കൺവീനറുമായി മറ്റൊരു ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്.

കൂടാതെ, ഇ.എസ്.എ പ്രദേശങ്ങളിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ഭൂപടവും നിർദേശങ്ങളും കേന്ദ്രത്തിന് സമർപ്പിക്കുമെന്നും, ലോക മാരിടൈം ദിനം സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also read: