‘മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വാഹനവ്യൂഹം വേണ്ട; ജനങ്ങളെ വഴിയിൽ തടയരുത്’-പോലീസിന് നിർദേശം നൽകി സതീശൻ
തിരുവനന്തപുരം: അധികാരമേൽക്കാനിരിക്കെ തന്റെ യാത്രാ സുരക്ഷയിൽ വലിയ അഴിച്ചുപണിക്ക് നിർദേശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും നീണ്ട വാഹനവ്യൂഹങ്ങളും തനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം ആഭ്യന്തര വകുപ്പിനെ അറിയിച്ചു. പൈലറ്റ് വാഹനവും എസ്‌കോർട്ട് വാഹനവും മാത്രം മതി. ജനങ്ങളെ വഴിയിൽ തടയുന്ന ഒരു നടപടിയും പാടില്ലെന്നും സതീശൻ കർശന നിർദേശം നൽകിയിട്ടുണ്ട്.
ഔദ്യോഗിക യാത്രകൾക്ക് സാധാരണ രീതിയിലുള്ള ഒരു പൈലറ്റ് വാഹനവും എസ്‌കോർട്ട് വാഹനവും മാത്രം മതിയാകും എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. വലിയ അകമ്പടി വാഹനങ്ങളുടെ നിര ഒഴിവാക്കി സാധാരണക്കാരെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ മാത്രമേ തന്റെ യാത്രകൾ ക്രമീകരിക്കാവൂ എന്ന് അദ്ദേഹം ഡി.ജി.പിയോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പദവിയിലേക്ക് നിശ്ചയിക്കപ്പെട്ടതോടെ പ്രോട്ടോക്കോൾ പ്രകാരം വി.ഡി സതീശൻ പോകുന്നിടങ്ങളിലെല്ലാം പോലീസ് കനത്ത സുരക്ഷാ വലയമാണ് തീർത്തിരുന്നത്. പിണറായി സർക്കാരിന്റെ കാലത്തും മുഖ്യമന്ത്രിയെ അനുഗമിക്കുന്ന വലിയ വാഹനവ്യൂഹത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. മണിക്കൂറുകളോളം റോഡിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനജീവിതത്തെയും സുഗമമായ ഗതാഗതത്തെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ അദ്ദേഹം പോലീസിന് കർശന നിർദേശം നൽകിയിരിക്കുകയാണ്.
കഴിഞ്ഞ ഭരണകാലത്ത് മുഖ്യമന്ത്രിയുടെ സുരക്ഷയും കൂറ്റൻ വാഹനവ്യൂഹങ്ങളും കരിങ്കൊടി പ്രതിഷേധങ്ങൾ ഭയന്നുള്ള റോഡ് തടയലുകളും വലിയ തോതിൽ ജനരോഷം ക്ഷണിച്ചുവരുത്തിയിരുന്നു.