‘കാട്ടിലെ നിയമങ്ങൾക്ക് പകരം യുഎൻ നിയമങ്ങൾ തെരഞ്ഞെടുക്കൂ’: ഇമ്മാനുവൽ മാക്രോൺ
ന്യൂയോർക്ക്: ലോകത്ത് നിലനിൽക്കുന്ന യുദ്ധങ്ങളും അന്താരാഷ്ട്ര പ്രതിസന്ധികളും ചൂണ്ടിക്കാട്ടി, കാട്ടിലെ നിയമങ്ങളെക്കാൾ മെച്ചം യുഎന്നിന്റെ അന്താരാഷ്ട്ര നിയമങ്ങളാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള പ്രതിസന്ധികളിൽ തോൽവി സമ്മതിക്കാൻ തങ്ങൾ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങൾ യാഥാർഥ്യം വിവരിക്കുന്നതിനൊപ്പം സ്വീകാര്യമായ പെരുമാറ്റങ്ങളുടെ പരിധികൾ നിർണയിക്കുന്നതുമാണെന്ന് മാക്രോൺ ഓർമ്മിപ്പിച്ചു. ഗസ്സയിലെ തകർച്ചയും സുഡാനിലെ എൽ ഫാഷറിലെ സ്ഥിതിയും ചൂണ്ടിക്കാട്ടി ജനീവ ഉടമ്പടികൾ നിലവിൽ അവഗണിക്കപ്പെടുകയാണെന്നും, നീതിയില്ലാതെ സമാധാനം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതിയെ ഫ്രാൻസ് പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ചിലർ സ്ഥാപിക്കാൻ ശ്രമിക്കുന്ന പുതിയ നിയമവ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും കൂട്ടിചേർത്തു.
ആഫ്രിക്കൻ രാജ്യങ്ങൾക്ക് പ്രാതിനിധ്യം നൽകി യുഎൻ സെക്യൂരിറ്റി കൗൺസിൽ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട മാക്രോൺ, വടക്കൻ-തെക്കൻ രാജ്യങ്ങൾ തമ്മിലുള്ള അന്തരം കുറയ്ക്കേണ്ടത് കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, വികസനം എന്നീ പ്രശ്നങ്ങൾ പരിഹരിക്കാൻ അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. രാജ്യങ്ങളുടെ പരമാധികാര വിഷയത്തിൽ യൂറോപ്പും മിഡിൽ ഈസ്റ്റും ആഫ്രിക്കയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഇരട്ടത്താപ്പുകളെ അദ്ദേഹം അപലപിച്ചു.
റഷ്യൻ അധിനിവേശത്തിനെതിരെ യുക്രെയ്ന് പിന്തുണ ആവർത്തിച്ച അദ്ദേഹം, ഗസ്സയിലും വെസ്റ്റ് ബാങ്കിലുമുള്ള ഫലസ്തീനികൾക്കും പിന്തുണ പ്രഖ്യാപിച്ചു. ഗസ്സയിൽ സമാധാനം കൈവരിച്ചെന്ന വാദങ്ങൾ തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനസ്ഥാപിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. നിർമിതബുദ്ധി ഏതാനും സ്വകാര്യ വ്യക്തികൾക്കോ യുഎസിനോ ചൈനയ്ക്കോ മാത്രം വിട്ടുകൊടുക്കാതെ, കൃത്യമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.