‘കാന്തപുരത്തിന്റെ എല്ലാ കാഴ്ചപ്പാടുകളോടും യോജിപ്പില്ല, മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യാവകാശമുണ്ട്’; നിലപാട് വ്യക്തമാക്കി മലേഷ്യൻ പ്രധാനമന്ത്രി
ന്യൂഡൽഹി: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ എല്ലാ കാഴ്ചപ്പാടുകളോടും യോജിപ്പില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. കാന്തപുരത്തിൻ്റെ ഏറെ ചർച്ചയായ സ്ത്രീ പരാമർശത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പണ്ഡിതന്മാരുടെയും പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും നിലപാടുകളോട് പൂർണ്ണമായി യോജിക്കേണ്ടതില്ലെന്നും, മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യാവകാശങ്ങൾ ഉറപ്പുനൽകുന്നുണ്ടെന്ന കാര്യം കാന്തപുരത്തിന്റെ മുഖത്തുനോക്കി തന്നെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. നാളെ കോഴിക്കോട് വെച്ച് കാന്തപുരവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ പ്രതികരണം വന്നിരിക്കുന്നത്.
ഖുർആനും പ്രവാചകചര്യകളും മനസ്സിലാക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയ ഒരു പരമ്പരാഗത മതപണ്ഡിതനാണ് കാന്തപുരമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകൻ പല കാര്യങ്ങളിലും മികച്ചൊരു അധ്യാപകനാണെങ്കിലും, കാന്തപുരത്തിന്റെ എല്ലാ കാഴ്ചപ്പാടുകളും താൻ പങ്കുവെക്കണമെന്ന് നിർബന്ധമില്ലെന്ന് അൻവർ ഇബ്രാഹിം വ്യക്തമാക്കി. കാന്തപുരത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സിങ് കോളേജ് പോലുള്ള സ്ഥാപനങ്ങളെക്കുറിച്ച് പരാമർശിച്ച മലേഷ്യൻ പ്രധാനമന്ത്രി, അത്തരം കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾ പിന്നീട് ആശുപത്രികളിൽ ജോലി ചെയ്യേണ്ടി വരുമല്ലോ എന്നും ചൂണ്ടിക്കാണിച്ചു.
മൊത്തത്തിലുള്ള പശ്ചാത്തലം പരിഗണിക്കുമ്പോൾ തനിക്ക് വലിയ ആശങ്കളില്ലെന്നും, എന്നാൽ പരസ്യമായി ചോദിച്ചാൽ മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ നൽകുന്നുണ്ടെന്ന് തന്നെ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലേഷ്യൻ സർവകലാശാലകളിൽ കൂടുതൽ പെൺകുട്ടികളാണ് പഠിക്കുന്നതെന്നും, തന്റെ ഭാര്യ ഒരു മെഡിക്കൽ ഡോക്ടറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെൺകുട്ടികൾ ഉൾപ്പെടെ തന്റെ എല്ലാ മക്കൾക്കും പഠിക്കാനും സ്വാതന്ത്ര്യം നേടാനുമുള്ള എല്ലാ അവസരങ്ങളും നൽകിയിട്ടുണ്ടെന്നും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലേഷ്യയിലെ പ്രവാസികളുടെ കാര്യത്തിൽ ദക്ഷിണേന്ത്യയ്ക്കുള്ള വലിയ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. തമിഴ്‌നാട് സന്ദർശിക്കാൻ താൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ അവിടുത്തെ മുഖ്യമന്ത്രി വിജയ് വിദേശത്തായതിനാൽ ആ സന്ദർശനം മാറ്റിവെച്ച് പൂർണ്ണമായും കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.