ലഹരിയുടെ വേരറുക്കാൻ ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം; ഓപറേഷൻ തൂഫാൻ വാർഡുകളിലേക്ക്
രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ ‘ഓപറേഷൻ തൂഫാന്റെ’ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപവൽക്കരിച്ചു. അന്തർസംസ്ഥാന, അന്താരാഷ്ട്ര ബന്ധങ്ങളുള്ള വൻകിട മയക്കുമരുന്ന് കള്ളക്കടത്ത് കേസുകൾ അന്വേഷിക്കുന്നതിനായി രൂപീകരിച്ച സംഘം പ്രവർത്തനം ആരംഭിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തൂഫാൻ നോഡൽ ഓഫീസറും നോർത്ത് ഐ.ജിയുമായ പുട്ട വിമലാദിത്യയാണ് ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീമിന് നേതൃത്വം നൽകുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് യൂണിറ്റുകളാണ് ഈ സംഘത്തിന് കീഴിലുള്ളത്. ഓരോ യൂണിറ്റിലും ഒരു ഡിവൈ.എസ്.പി, രണ്ട് സി.ഐമാർ, രണ്ട് എസ്.ഐമാർ, എ.എസ്.ഐമാർ, പത്ത് സി.പി.ഒമാർ, എസ്.സി.പി.ഒമാർ എന്നിവരടങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരുണ്ടാകും. ഉയർന്ന മൂല്യമുള്ള മയക്കുമരുന്ന് കേസുകളിൽ കൂടുതൽ ശാസ്ത്രീയവും കേന്ദ്രീകൃതവുമായ അന്വേഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ മയക്കുമരുന്ന് കണ്ടെത്തുന്നതിനുള്ള ഡാൻസാഫ് പ്രവർത്തനങ്ങളും തുടരും.
തൂഫാൻ രണ്ടാംഘട്ടം ഈ മാസം 28-ന് ആരംഭിക്കും. തദ്ദേശവകുപ്പുമായി ചേർന്ന് തൂഫാൻ ജനജാഗ്രതാ സമിതികൾ രൂപീകരിച്ചായിരിക്കും പ്രവർത്തനം. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. ജനജാഗ്രതാ സമിതിയുടെ സംസ്ഥാനതല ഉദ്ഘാടനം 28-ന് മലപ്പുറം വേങ്ങരയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാപ്രവർത്തകർ, ഹരിതകർമസേന, യുവജനസംഘടനകൾ എന്നിവരാണ് തൂഫാൻ ജനജാഗ്രതാ സമിതികൾക്ക് നേതൃത്വം നൽകുന്നത്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയാണ് രണ്ടാംഘട്ടം നടപ്പാക്കുക. ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന തൂഫാൻ കെയറിൽ സംസ്ഥാനത്തെ 35-ഓളം പ്രധാനപ്പെട്ട ആശുപത്രികൾ പങ്കാളികളാകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഐ.എം.എയുമായി ചേർന്ന് തൂഫാൻ റീഹാബിലിറ്റേഷൻ പ്രോട്ടോക്കോൾ തയ്യാറാക്കി നടപ്പിലാക്കും. ലഹരിയുടെ കെണിയിൽ അകപ്പെട്ടവർക്ക് തുറന്നു സംസാരിക്കാൻ തൂഫാൻ ആപ്പും നിലവിൽ വരും.
അമൃത യൂണിവേഴ്‌സിറ്റി ഐ.ടി വിഭാഗമാണ് ആപ്പിനായുള്ള സാങ്കേതിക സഹായം നൽകുന്നത്. ലഹരി വിതരണത്തിന്റെ തോത് 20 മുതൽ 30 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും, അടുത്ത ലക്ഷ്യം ലഹരിയുടെ ആവശ്യം കുറയ്ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. തൂഫാന്റെ പ്രവർത്തനങ്ങൾ നിലവിൽ വിതരണക്കാരിൽ നിന്ന് ഉറവിടങ്ങളിലേക്ക് എത്തിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.