നെടുമ്പാശ്ശേരി വാഹനാപകടം: ‘ഒരു പ്രതിയെയും രക്ഷപ്പെടാൻ അനുവദിക്കില്ല, ശക്തമായ നടപടി സ്വീകരിക്കും’ – ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തല
തിരുവനന്തപുരം: നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ ഒരു പ്രതിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേസ് പൊലീസ് ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്. പ്രതികളെ സംരക്ഷിക്കാൻ മന്ത്രിമാരുൾപ്പെടെ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടയിലാണ് ഈ പ്രതികരണം.
അപകടമുണ്ടാക്കിയ 19കാരന് മദ്യം നൽകിയ പാലാരിവട്ടത്തെ മൺസൂൺ എംപ്രസ്സ്, നെടുമ്പാശ്ശേരി മാരിയറ്റ്, വൈറ്റിലയിലെ ദയ ബാർ എന്നീ മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തു. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെന്നും 10 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. സബ്മിഷന് മറുപടി നൽകവെയായിരുന്നു വിവരങ്ങൾ നിയമസഭയിൽ വ്യക്തമാക്കിയത്.
സമൂഹമാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൊടുങ്ങല്ലൂരിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിലെ പൊലീസിനെതിരായ ആരോപണങ്ങൾ മന്ത്രി തള്ളിക്കളഞ്ഞു.
കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ എസ്.എഫ്.ഐ പ്രതിഷേധത്തിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. പൊലീസിന് നേരെ ഭീഷണിയോ കയ്യേറ്റമോ അനുവദിക്കില്ലെന്നും, ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കൾക്കെതിരെ പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്.