‘ആരോടൊപ്പം ഫോട്ടോ ഉണ്ടായാലും ഏത് പാർട്ടിക്കാരനായാലും ലഹരി കണ്ടെത്തിയാൽ നടപടിയെടുക്കും’- രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലഹരി കേസുകളിൽ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഹരികേസുകളിലെ പ്രതികൾ ആരോടൊപ്പം ഫോട്ടോ ഉള്ളവരായാലും ഏത് രാഷ്ട്രീയ പാർട്ടിക്കാരനായാലും വിട്ടുവീഴ്ചയില്ലാതെ പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ‘ഓപറേഷൻ തൂഫാൻ’ എന്ന പേരിൽ ഐജി തലത്തിലുള്ള അന്വേഷണ സംഘവും ഡാൻസാഫ് ടീമുകളും എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര ഏജൻസികളുമായും അയൽ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഒക്ടോബർ ആദ്യവാരം കേന്ദ്ര ഏജൻസികളുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
ലഹരി വേരോടെ പിഴുതെറിയുകയാണ് സർക്കാരിൻ്റെ പ്രാഥമിക ലക്ഷ്യം. ഇതിനായി ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതോടൊപ്പം തന്നെ ശാസ്ത്രീയ രീതിയിലുള്ള പുനരധിവാസ സംവിധാനങ്ങളും ഐഎംഎയുടെ സഹകരണത്തോടെ പുതിയ പ്രോട്ടോക്കോളും നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.