‘അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ!’: സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: തന്റെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന ആരോപണങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യാത്ര സർക്കാരിന്റെ ചെലവിലല്ലെന്നും സംഘാടകരുടെ ചെലവിലാണെന്നും വ്യക്തമാക്കിക്കൊണ്ട് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
സംസ്ഥാന സർക്കാർ 100 ദിവസം പൂർത്തിയാക്കുന്ന വേളയിൽ ജനങ്ങൾ പവർക്കട്ടിൽ വലയുമ്പോൾ മന്ത്രിയും ഭരണകക്ഷി നേതാക്കളും അമേരിക്കയിൽ ഉല്ലാസയാത്ര നടത്തുകയാണെന്ന തരത്തിൽ ഇടത് സൈബർ ഇടങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഇതിനാണ് മന്ത്രി കൃത്യമായ വിശദീകരണം നൽകിയത്.
കുടുംബസമേതം ഷിക്കാഗോയിലുള്ള താൻ ദീർഘകാല സുഹൃത്തിന്റെ കുടുംബവിശേഷത്തിൽ പങ്കെടുക്കാനാണ് എത്തിച്ചേർന്നതെന്ന് ചെന്നിത്തല പറഞ്ഞു. ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിലുണ്ടായിരുന്ന ഫെലിക്സ് സൈമണിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് എത്തിയത്. സന്ദർശനവേളയിൽ പ്രവാസി മലയാളികളുമായി സംസാരിക്കാനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ (IOC) ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാനും സാം പിത്രോഡയെ സന്ദർശിക്കാനും സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. “പിന്നെ, സർക്കാർ ചെലവിലല്ല ഈ അമേരിക്കൻ യാത്ര, സംഘാടകരുടെ ചെലവിലാണ്… കേട്ടോ!” എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി വീഡിയോ അവസാനിപ്പിക്കുന്നത്.