‘നെതന്യാഹുവിനെ പുറത്താക്കാന്‍ ധൈര്യം കാണിക്കൂ; അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കൂ’: വെല്ലുവിളിച്ച് ഫലസ്തീന് പാര്‍ലമെന്റ് അംഗം
ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷം രാഷ്ട്രീയ ധൈര്യം കാണിക്കണമെന്ന് ഫലസ്തീൻ വംശജനായ നെസെറ്റ് അംഗവും തഅൽ പാർട്ടി നേതാവുമായ അഹ്മദ് തിബി. മുൻ ജനറലും പ്രതിപക്ഷ നേതാവുമായ ഗാഡി ഐസൻകോട്ട് അറബ് പാർട്ടികളുടെ പിന്തുണയോടെ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ മുന്നോട്ടുവരണമെന്ന് മിഡിൽ ഈസ്റ്റ് ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
1993-ൽ മുൻ പ്രധാനമന്ത്രി യെത്ജാക് റാബിൻ അറബ് പാർട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെ സർക്കാർ രൂപീകരിച്ച് സമാധാന ചർച്ചകൾക്ക് അടിത്തറയിട്ട മാതൃക നിലവിലെ സാഹചര്യത്തിലും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. നെതന്യാഹുവിനെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ ഐസൻകോട്ട് തയ്യാറായാൽ ഫലസ്തീൻ പാർട്ടികളുടെ പൂർണ പിന്തുണ ഉറപ്പുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 120 അംഗ നെസെറ്റിൽ ഭൂരിപക്ഷമായ 61 സീറ്റുകൾ തികയ്ക്കാൻ ആർക്കും സാധിച്ചിട്ടില്ല. നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്ക് 53 സീറ്റുകളും മറ്റ് പ്രതിപക്ഷ പാർട്ടികൾക്ക് 48 സീറ്റുകളുമാണ് ലഭിച്ചത്. 19 സീറ്റുകളാണ് അറബ് പാർട്ടികൾ നേടിയത്. ഗസ്സ യുദ്ധത്തിന്റെയും ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികളുടെയും പശ്ചാത്തലത്തിൽ ഇസ്രയേൽ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നതാണ് തിബിയുടെ ഈ പുതിയ നീക്കം.