23/11/2026
[fontresizer_tawhidurrahmandear_widget]

‘ഐ സപ്പോർട്ട് നരേന്ദ്ര മോദി എന്ന സോഷ്യൽ മീഡിയ പേജിന്റെ സ്ഥാപകനെതിരെ വീഡിയോ’; 2018-ലെ മാനനഷ്ടക്കേസിൽ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറന്റ്

 ‘ഐ സപ്പോർട്ട് നരേന്ദ്ര മോദി എന്ന സോഷ്യൽ മീഡിയ പേജിന്റെ സ്ഥാപകനെതിരെ വീഡിയോ’; 2018-ലെ മാനനഷ്ടക്കേസിൽ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറന്റ്

ന്യൂഡൽഹി: 2018-ൽ രജിസ്റ്റർ ചെയ്ത മാനനഷ്ടക്കേസിൽ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ഡൽഹി കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് അനം റൈസ് ഖാൻ ആണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചുകൊണ്ട് ഉത്തരവിട്ടതെന്ന് ‘ബാർ ആൻഡ് ബെഞ്ച്’ റിപ്പോർട്ട് ചെയ്തു. കേസ് ഇനി ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും.

2018 മേയിൽ ധ്രുവ് റാഠി നിർമിച്ച ഒരു വീഡിയോയുമായി ബന്ധപ്പെട്ടാണ് കേസ്. വികാസ് സാംകൃത്യായൻ എന്ന വികാസ് പാണ്ഡെയ്ക്ക് ബി.ജെ.പി ഐ.ടി സെൽ കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്നായിരുന്നു വീഡിയോയിലെ ആരോപണം. അന്നത്തെ ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാൾ ഈ വീഡിയോ റീട്വീറ്റ് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് വികാസ് പാണ്ഡെ അരവിന്ദ് കെജ്‌രിവാളിനും ധ്രുവ് റാഠിക്കുമെതിരെ മാനനഷ്ടക്കേസ് നൽകുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയാണെന്ന് അവകാശപ്പെടുന്ന വികാസ് പാണ്ഡെ ‘ഐ സപ്പോർട്ട് നരേന്ദ്ര മോദി’ എന്ന സോഷ്യൽ മീഡിയ പേജിന്റെ സ്ഥാപകനാണ്. പാണ്ഡെ ബി.ജെ.പി ഐ.ടി സെല്ലിന്റെ ഭാഗമാണെന്നും, സംഘടന വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന ആരോപണങ്ങൾ പിൻവലിക്കാനായി മഹാവീർ പ്രസാദ് എന്ന വ്യക്തിക്ക് ഇടനിലക്കാരൻ വഴി 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും ധ്രുവ് റാഠിയുടെ വീഡിയോയിൽ ആരോപിച്ചിരുന്നു.

ധ്രുവ് റാഠി പ്രധാനമായും വിദേശത്താണ് താമസിക്കുന്നതെന്നതിനാൽ വർഷങ്ങളായി സമൻസ് കൈമാറാൻ സാധിച്ചിട്ടില്ലെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ സമക്ഷ് ശർമ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് കേസ് വേഗത്തിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ കഴിഞ്ഞ ഒക്ടോബറിൽ കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ ഈ കേസിൽ ധ്രുവ് റാഠിക്കെതിരെ കോടതി ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

Also read: