പൗരത്വം ലഭിക്കും മുൻപേ വോട്ടർ പട്ടികയിൽ പേരെന്ന് ആരോപിച്ച് ഹരജി; സോണിയാ ഗാന്ധിക്ക് ഡൽഹി കോടതിയുടെ നോട്ടീസ്
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഡൽഹി കോടതിയുടെ നോട്ടീസ്. പൗരത്വം ലഭിക്കും മുൻപേ വോട്ടർ പട്ടികയിൽ അനധികൃതമായി പേര് ചേർത്തു എന്നാരോപിച്ചുള്ള ഹരജിയിലാണ് അഡീഷണൽ സെഷൻസ് ജഡ്ജി ശൈലേന്ദർ മാലിക് നോട്ടീസ് അയച്ചത്.
മാധ്യമപ്രവർത്തകനായ എസ്.പി ശംഖ് ആണ് ഹരജി നൽകിയത്. സോണിയാ ഗാന്ധിക്ക് 1983-ൽ മാത്രമാണ് ഇന്ത്യൻ പൗരത്വം ലഭിച്ചതെന്നും, എന്നാൽ 1980-ലെയും 81-ലെയും വോട്ടർ പട്ടികയിൽ അവരുടെ പേര് ഉൾപ്പെടുത്തിയിരുന്നുവെന്നുമാണ് ഹരജിക്കാരന്റെ വാദം. പൗരത്വമില്ലാത്ത ഒരാളുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കുന്നത് 1960-ലെ ഇലക്ട്രേഴ്സ് റജിസ്ട്രേഷൻ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഈ ആവശ്യം ഉന്നയിച്ച് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഹരജിക്കാരൻ ഇപ്പോൾ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹരജി പരിഗണിച്ച കോടതി സോണിയാ ഗാന്ധിയോട് മറുപടി ആവശ്യപ്പെടുകയായിരുന്നു.