‘നാട്ടുകാരെ ഉപദേശിച്ചിട്ട് നന്നാവാൻ മറന്ന മൊണ്ണ’; എംഡിഎംഎയുമായി അറസ്റ്റിലായ വ്ലോഗർ അബ്ദുൾ ഹക്കീമിനെതിരെ ആന്റണി വർഗീസ് പെപ്പെ
കൊച്ചി: എം.ഡി.എം.എയുമായി യു.എ.ഇയിൽ അറസ്റ്റിലായ സംഭവത്തിന് പിന്നാലെ വ്ലോഗർ അബ്ദുൾ ഹക്കീമിനെതിരെ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി നടൻ ആന്റണി വർഗീസ് പെപ്പെ. സ്വയം ‘നാട്ടുകാരെ ഉപദേശിച്ചിട്ട് നന്നാവാൻ മറന്ന മൊണ്ണ, നല്ല ഒരു പാവം മനുഷ്യനായിരുന്നു, ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് പെപ്പെ കുറിച്ചത്. സോഷ്യൽ മീഡിയയിലൂടെ ലഹരിമാഫിയയ്ക്കെതിരെയും അനീതികൾക്കെതിരെയും നിരന്തരം സംസാരിച്ചിരുന്ന ‘എന്റെ കാസറ്റ്’ എന്ന പേജിലൂടെ പ്രശസ്തനായ മലയാളി വ്ലോഗർ അബ്ദുൾ ഹക്കീം കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്.
അബ്ദുൾ ഹക്കീം അറസ്റ്റിലാകുന്ന വാർത്ത പുറത്തുവരുന്നത് ജൂലൈ ആദ്യമാണ്. സ്വന്തമായി ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ അബദ്ധത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘കിക്കി’ൽ ലൈവിലായിരിക്കുമ്പോൾ അറിയാതെ കീബോർഡിൽ വിരൽ അമർന്നാണ് ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറംലോകം കണ്ടത്. ഇതിനിടെ അബ്ദുൾ ഹക്കീം യു.എ.ഇയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഷാർജ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
മുൻപ് ആന്റണി വർഗീസിനെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ അബ്ദുൾ ഹക്കീം ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഒരു പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു നടനെതിരെ ഉയർന്ന ആരോപണം. ആന്റണിയുടെയും പെൺകുട്ടിയുടെയും സ്വകാര്യ ചാറ്റുകൾ എന്ന് അവകാശപ്പെട്ട വിവരങ്ങളും ഹക്കീം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടിരുന്നു.