‘കോൺഗ്രസ് വെറും കോമാളികൾ, എക്സിൽ മാത്രം പ്രവർത്തിക്കുന്നവർ’; കടുത്ത വിമർശനവുമായി സിജെപി, തിരിച്ചടിച്ച് കോൺഗ്രസ്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ. കോൺഗ്രസ് വെറും കോമാളികളാണെന്നും ബി.ജെ.പിയേക്കാൾ മോശമായ ആവാസവ്യവസ്ഥയിലാണ് അവരുള്ളതെന്നും സിജെപി വക്താവ് സൗരവ് ദാസ് പരിഹസിച്ചു.
ഇന്ത്യയെ രക്ഷിക്കാനും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനും തങ്ങൾക്ക് മാത്രമേ സാധിക്കൂ എന്ന് കരുതുന്ന സ്വയം പ്രഖ്യാപിത ലിബറലുകളാണ് കോൺഗ്രസുകാരെന്നും പേരെടുത്ത് പറയാതെ അദ്ദേഹം വിമർശിച്ചു.
സൗരവ് ദാസിന്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് സിജെപി കോ-കൺവീനറായ അശുതോഷ് രങ്കയും രംഗത്തെത്തി. ലക്ഷക്കണക്കിന് ജനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള നേതാവായി സിജെപി സ്ഥാപകൻ അഭിജീത് ഡിപ്കെ വളരുന്നതിനെ തടയാനും അദ്ദേഹത്തെ തരംതാഴ്ത്താനും സ്വയം പ്രഖ്യാപിത ലിബറലുകൾ ശ്രമിക്കുകയാണെന്ന് അശുതോഷ് ‘എക്സി’ൽ കുറിച്ചു. സാമൂഹ്യ മാധ്യമമായ എക്സിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഈ കൂട്ടായ്മ, തങ്ങളാണ് രാജ്യത്തെ ജനാധിപത്യത്തിന്റെ യഥാർത്ഥ സംരക്ഷകർ എന്ന് വിശ്വസിക്കുന്നത് വലിയ തമാശയാണെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, സിജെപി നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അസം കോൺഗ്രസ് വക്താവ് റീതം സിങ് രംഗത്തുവന്നു. മുൻപ് അസമിൽ വെച്ച് സിജെപി പ്രവർത്തകർ തടങ്കലിലായപ്പോൾ കോൺഗ്രസ് അവർക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ആം ആദ്മി പാർട്ടി നേതാക്കളുടെയും അരവിന്ദ് കെജ്രിവാളിന്റെയും നിർദേശപ്രകാരം അവർ ആ സഹായം നിരസിക്കുകയായിരുന്നുവെന്ന് റീതം സിങ് വെളിപ്പെടുത്തി. സിജെപി എന്നത് ഒരു ജനകീയ പ്രസ്ഥാനമാണെന്നും, കെജ്രിവാളിന്റെ രാഷ്ട്രീയ തിരിച്ചുവരവിനായി അതിനെ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.