‘ഇന്ത്യയില്‍ ഡോക്ടര്‍മാരും ഗോമൂത്രം കുടിക്കുന്നു: അവിടെ ജനിപ്പിക്കാത്തതില്‍ ദൈവത്തിന് നന്ദി’: ഇസ്രയേല്‍ ജൂത പുരോഹിതന്
തെൽ അവീവ്: ഇന്ത്യൻ സംസ്കാരത്തെയും ഹിന്ദു ആചാരങ്ങളെയും ഡോക്ടർമാരെയും അപമാനിച്ച് ഓർത്തഡോക്സ് ജൂത-അമേരിക്കൻ മതപ്രഭാഷകനായ യോസി മിസ്രാച്ചി. ഇന്ത്യയിൽ ആളുകൾ തെരുവിൽ നിന്ന് ഗോമൂത്രം കുടിക്കാറുണ്ടെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരെ വരെ തനിക്ക് അറിയാമെന്നുമാണ് ഇയാൾ അധിക്ഷേപകരമായി സംസാരിച്ചത്.
തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ജൂത റബ്ബിയുടെ വിവാദ പരാമർശം. മുൻപ് തനിക്കൊപ്പം ജോലി ചെയ്തിരുന്ന ഒരു ഇന്ത്യൻ യുവാവ് ജൂതമതത്തിലേക്ക് മാറാൻ ആഗ്രഹിച്ച സംഭവത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു യോസി മിസ്രാച്ചി ഇങ്ങനെ പ്രതികരിച്ചത്. ‘എന്നെ ഒരു ഇന്ത്യക്കാരനായി സൃഷ്ടിക്കാത്തതിൽ ദൈവത്തിനോട് നന്ദി പറയുന്നു’ എന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. ഇന്ത്യയിലെ ഒരു ഡോക്ടറുമായുള്ള സാങ്കൽപ്പിക കൂടിക്കാഴ്ചയെ പരിഹസിച്ച ഇയാൾ, തെരുവിൽ പശുക്കൾ തടസ്സമുണ്ടാക്കിയാലും മതപരമായ വിശ്വാസങ്ങൾ കാരണം ആളുകൾ അതിനെ മാറ്റാൻ മടിക്കുമെന്നും പരിഹസിച്ചു.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മിസ്രാച്ചിയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. പേര് പരാമർശിക്കാതെ വംശീയവാദികൾ എല്ലാവർക്കും ഒരേപോലെ ഭീഷണിയാണെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു. പുരോഹിതന്റെ പ്രതികരണം കടുത്ത വംശീയതയും അപലപനീയവുമാണെന്ന് വ്യക്തമാക്കി നിരവധി ഇന്റർനെറ്റ് ഉപയോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്.