19/10/2026
[fontresizer_tawhidurrahmandear_widget]

‘എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ വാപ്പ നോക്കിക്കോളും’; നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ 3 പേർ മരിച്ചു

 ‘എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ വാപ്പ നോക്കിക്കോളും’; നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ 3 പേർ മരിച്ചു

എറണാകുളം: നെടുമ്പാശ്ശേരി അത്താണി എയർപോർട്ട് റോഡിൽ ഇന്നു പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച വാഹനാപകടം ഉണ്ടായത്. കർണാടക സുളിയ സ്വദേശി ഇയാസ്, പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക എന്നിവരാണ് മരണപ്പെട്ടത്. തൃക്കാക്കരയിലെ ആന്റിക് ഷോപ്പിൽ ജീവനക്കാരും ഒപ്പം പഠിക്കുന്നവരുമാണ് ഇവർ.

പുലർച്ചെ ഒന്നേമുക്കാലോടെ എയർപോർട്ട് ഭാഗത്തെ ചായക്കടയിലെത്തി ചായ കുടിച്ച ശേഷം മടങ്ങുകയായിരുന്ന മൂവരുടെയും സ്കൂട്ടറിലേക്ക് പിന്നിൽ നിന്നും അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും യാത്രക്കാരും റോഡിലേക്ക് തെറിച്ചുവീണു. സംഭവസ്ഥലത്തുതന്നെ മൂവരുടെയും മരണം സ്ഥിരീകരിച്ചു. കാറിന്റെ വൈപ്പറിൽ മരിച്ചയാളുടെ ഷാളും രക്തക്കറയും കുടുങ്ങിക്കിടന്നത് അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും ചില്ലുകളും പൂർണമായി തകർന്നു.

അപകടത്തിന് കാരണക്കാരനായ തൃക്കാക്കര സ്വദേശി സുഹൈലിനെയും ഒപ്പമുണ്ടായിരുന്നയാളെയും നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു. അപകടശേഷം നാട്ടുകാരുമായി തർക്കത്തിൽ ഏർപ്പെട്ട പ്രതി, “എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ അപ്പ നോക്കിക്കോളും” എന്ന തരത്തിൽ സംസാരിച്ചതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. ഇതിനുമുമ്പും 218 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചതിന്റെ ദൃശ്യങ്ങൾ പ്രതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

സ്ഥലത്തെത്തിയ നെടുമ്പാശ്ശേരി പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതി മദ്യപിച്ചിരുന്നതായി പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ടെന്നും, രാസലഹരി ഉൾപ്പെടെ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ വിശദമായ വൈദ്യപരിശോധന നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, എയർപോർട്ട് റോഡിൽ രാത്രികാലങ്ങളിൽ നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങളും മോഡിഫൈഡ് വാഹനങ്ങളും വെച്ചുള്ള മത്സരയോട്ടം പതിവാണെന്നും, ഇതിനെതിരെ കർശന പരിശോധനകളോ നടപടികളോ ഉണ്ടാകുന്നില്ലെന്നും പ്രദേശവാസികളും ടാക്സി ഡ്രൈവർമാരും കടുത്ത പരാതി ഉന്നയിക്കുന്നുണ്ട്.

Also read: