മോദിയോട് ചോദ്യം ചോദിച്ച നോർവീജിയൻ മാധ്യമപ്രവർത്തകയുടെ വിസ റദ്ദാക്കി; യാത്ര തടഞ്ഞത് പുറപ്പെടുന്നതിന് പത്ത് മിനിറ്റ് മുൻപ്
ഓസ്ലോ: ഹൈദരാബാദിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ഉച്ചകോടിയിൽ പങ്കെടുക്കാനിരുന്ന നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ്ങിന്റെ ഇന്ത്യൻ വിസ അവസാന നിമിഷം റദ്ദാക്കി. വിസയും യാത്രയ്ക്കുള്ള രാഷ്ട്രീയ അനുമതിയും ലഭിച്ചിരുന്നിട്ടും, യാത്ര തിരിക്കുന്നതിന് പത്ത് മിനിറ്റ് മുൻപ് മാത്രമാണ് വിസ റദ്ദാക്കിയ വിവരം തന്നെയറിയിച്ചതെന്ന് ഹെല്ലെ ലിങ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് യാത്ര തടഞ്ഞതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനുള്ള പ്രതികാര നടപടിയാണിതെന്ന് സംശയിക്കുന്നതായും അവർ ആരോപിച്ചു.
നവംബർ 13, 14 തീയതികളിൽ ഹൈദരാബാദിലെ ഹൈടെക് സിറ്റിയിലാണ് ഭാരത് ഉച്ചകോടി നടക്കുന്നത്. മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും എന്ന വിഷയത്തിലുള്ള സെഷനിൽ സംസാരിക്കാനാണ് ഹെല്ലെ ലിങ്ങിനെ ക്ഷണിച്ചിരുന്നത്. നവംബർ 11-ന് വിമാനത്താവളത്തിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് നോർവേയിലെ ഇന്ത്യൻ എംബസിയിൽ നിന്നും വിളിച്ച് ഇന്ത്യയിലേക്ക് പോകാനാകില്ലെന്ന് അറിയിച്ചതെന്ന് അവർ ഒരു വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. വിസയും അനുമതിയും ഉണ്ടായിട്ടും ഇന്ത്യയിൽ പ്രവേശിക്കാൻ കഴിയില്ലെന്നാണ് എംബസി അധികൃതർ വ്യക്തമാക്കിയത്. എന്നാൽ ഈ സംഭവത്തിൽ വിദേശകാര്യ-ആഭ്യന്തര മന്ത്രാലയങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈ വർഷം മേയിൽ ഓസ്ലോയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ഉന്നയിച്ചതാകാം വിസ റദ്ദാക്കാൻ കാരണമെന്നാണ് ലിങ്ങിന്റെ സംശയം. നോർവേ പ്രധാനമന്ത്രിയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ, മോദി മാധ്യമങ്ങളുടെ ചോദ്യങ്ങൾ നേരിടാത്തത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചിരുന്നു. കൂടാതെ, ഇന്ത്യയിലെ ഭരണത്തെ വിമർശിച്ച് ലേഖനങ്ങൾ എഴുതിയതും ഇതിന് കാരണമായിരിക്കാമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഉച്ചകോടിയിലെ തന്റെ സെഷന് ഇനിയും സമയമുണ്ടെന്നും അതിനകം യാത്ര ചെയ്യാൻ അനുമതി നൽകണമെന്നും അവർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്.