‘നാട്ടിലേക്ക് മടങ്ങിവരൂ’, കാത്തിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍; കേരളത്തില്‍ അടക്കമുള്ള ബംഗാളികളോട് മടങ്ങി വരാന്‍ അഭ്യര്‍ഥിച്ച് സുവേന്ദു അധികാരി
കൊൽക്കത്ത: തൊഴിൽ തേടി കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ ബംഗാളികളോട് നാട്ടിലേക്ക് മടങ്ങിവരാൻ അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. 125 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്ന ‘വി.ബി-ജി റാം ജി’ പദ്ധതി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഇതര സംസ്ഥാനങ്ങളിലുള്ള തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് തിരികെ വിളിച്ചത്. നാട്ടിലെത്തി സ്വന്തം കുടുംബത്തോടൊപ്പം ജോലി ചെയ്യാനും സർക്കാർ ഒരുക്കുന്ന വൻ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തിലടക്കം വൻതോതിൽ ബംഗാളികൾ തൊഴിൽ ചെയ്യുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.
പുതിയ പദ്ധതിക്ക് കീഴിൽ ഓരോ ജോബ് കാർഡ് ഉടമയ്ക്കും 34,500 രൂപയുടെ വരുമാനം ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 22 കോടി തൊഴിൽ ദിനങ്ങളെന്ന കേന്ദ്ര ലക്ഷ്യം കൈവരിക്കാനാണ് സംസ്ഥാനം പ്രവർത്തിക്കുന്നത്. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി 12,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നിലവിൽ 65.62 ലക്ഷം തൊഴിൽ ദിനങ്ങളും പ്രതിദിനം 7.09 ലക്ഷം പേർക്ക് തൊഴിലും നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് പദ്ധതിയുടെ (എം.ജി.എൻ.ആർ.ഇ.ജി.എ) കീഴിലുണ്ടായിരുന്ന 31 ലക്ഷം വ്യാജ ജോബ് കാർഡുകൾ കേന്ദ്രസർക്കാർ റദ്ദാക്കിയ കാര്യവും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ബിജെപി സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ വിവിധ സർക്കാർ തസ്തികകളിലായി ഒരു ലക്ഷം പേർക്ക് നിയമനം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിൽ 63,496 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് മന്ത്രിസഭ ഇതിനകം അംഗീകാരം നൽകിക്കഴിഞ്ഞു. 2027 മേയ് എട്ടിനുള്ളിൽ ഒരു ലക്ഷം പേർക്ക് നിയമന ഉത്തരവുകൾ കൈമാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വെസ്റ്റ് ബംഗാൾ പബ്ലിക് സർവീസ് കമ്മീഷൻ, എസ്.എസ്.സി, പോലീസ് റിക്രൂട്ട്മെന്റ് ബോർഡ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളിലൂടെ തികച്ചും സുതാര്യമായിട്ടായിരിക്കും ഈ സ്ഥിരനിയമനങ്ങൾ നടക്കുകയെന്നും, ഇതിൽ യാതൊരുവിധ ബാഹ്യ ഇടപെടലുകളും ഉണ്ടാകില്ലെന്നും സുവേന്ദു അധികാരി ഉറപ്പുനൽകി.