‘ഗോമാതാവിനെതിരെ ആരും കൈയുയർത്തരുത്, പിന്നെ എന്റെ മറ്റൊരു മുഖം കാണും’; മുന്നറിയിപ്പുമായി സുവേന്ദു അധികാരി
റായ്ഗഞ്ച്: പശുക്കളെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്താൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന ഭീഷണിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. പശുക്കൾ ഹിന്ദുക്കൾക്ക് പവിത്രമാണെന്നും അവയെ ഉപദ്രവിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്നും പൗരത്വ ഭേദഗതി നിയമപ്രകാരം (സി.എ.എ) ഹിന്ദു അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാൾ ഉത്തര ദിനാജ്പുർ ജില്ലയിലെ റായ്ഗഞ്ചിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“ഗോമാതാവിനെതിരെ ആരും കൈയുയർത്തരുത്. ഗോമാതാവിനെ ആരും ഉപദ്രവിക്കരുത്. ഇക്കാര്യം വ്യക്തമായി പറയുകയാണ്. അങ്ങനെ സംഭവിച്ചാൽ എന്നേക്കാൾ മോശക്കാരനായി മറ്റാരും ഉണ്ടാകില്ല.”-സുവേന്ദു പറഞ്ഞു.
വിഘടനവാദ സംഘടനകൾക്കെതിരെയും മുഖ്യമന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു. ‘കശ്മീർ മാംഗേ ആസാദി’ (കശ്മീരിന് സ്വാതന്ത്ര്യം വേണം) തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുന്നവരെ അതിർത്തി മേഖലകളിൽ പ്രവർത്തിക്കാൻ അനുവദിക്കരുത്. തുക്ഡെ തുക്ഡെ സംഘങ്ങൾക്കും പാറ്റകളെപ്പോലുള്ളവർക്കും ഇവിടെ സ്വാധീനം വ്യാപിപ്പിക്കാൻ ഇടം നൽകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൗരത്വ ഭേദഗതി നിയമപ്രകാരം ഹിന്ദു അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള നടപടികൾ സർക്കാർ ഉറപ്പാക്കും. ഹിന്ദു അഭയാർഥികളിൽ ഒരാൾപോലും ജയിലിലാകുന്ന സാഹചര്യം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഒരു ഹിന്ദു അഭയാർഥിപോലും ഇവിടെ ജയിലിലാകില്ലെന്ന് ഞാൻ ഉറപ്പാക്കും. ജയിലിലുള്ളവരെ മോചിപ്പിക്കാനും സി.എ.എ പ്രകാരം പൗരത്വം നൽകാനും അടിയന്തരമായി നിയമനടപടികൾ ആരംഭിക്കണം.”
ഇതുവരെ പൗരത്വത്തിനായി അപേക്ഷിക്കാത്തവർ എത്രയുംവേഗം അപേക്ഷ സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“നുഴഞ്ഞുകയറ്റക്കാരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കും. ആദ്യം അവരെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിക്കും. തുടർന്ന് ബംഗ്ലാദേശിലേക്ക് അയക്കും.”
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് ഉത്തര ദിനാജ്പുർ. സംസ്ഥാനത്തിന്റെ അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി അതിർത്തി പ്രദേശങ്ങളിൽ അനധികൃത മദ്റസകൾ പ്രവർത്തിക്കാൻ അനുവദിക്കരുത്.
അതിർത്തി സുരക്ഷ, അനധികൃത കുടിയേറ്റം, പൗരത്വം, ഗോസംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ കർശന നിലപാട് തുടരുമെന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം നൽകുന്നത്.