ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി തെക്കൻ-മധ്യ കേരളത്തിൽ മഴയെത്തുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ചൂട് കഠിനമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൂട് വർധിച്ച സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം സർക്കാർ പുനക്രമീകരിച്ചിട്ടുണ്ട്. മെയ് 20 വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള സമയപരിധിക്കുള്ളിൽ എട്ട് മണിക്കൂർ ജോലി നിശ്ചയിക്കണം. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 മണി വരെ നിർബന്ധിത വിശ്രമം അനുവദിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.