02/03/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യയെ തോൽപ്പിച്ചതിന് ശേഷം പാകിസ്ഥാൻ അഹങ്കാരികളായി; പരിശീലകരെ അവഗണിച്ച് ഫോണിൽ മുഴുകി താരങ്ങൾ’- വിമര്‍ശനവുമായി മുഹമ്മദ് യൂസഫ്

 ‘ഇന്ത്യയെ തോൽപ്പിച്ചതിന് ശേഷം പാകിസ്ഥാൻ അഹങ്കാരികളായി; പരിശീലകരെ അവഗണിച്ച് ഫോണിൽ മുഴുകി താരങ്ങൾ’- വിമര്‍ശനവുമായി മുഹമ്മദ് യൂസഫ്

കറാച്ചി: ഇന്ത്യയ്‌ക്കെതിരായ ചരിത്രവിജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ അഹങ്കാരം പിടിപെട്ടതായി മുൻ താരം മുഹമ്മദ് യൂസഫ്. 2021ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചതോടെ തങ്ങളേക്കാൾ മികച്ചവർ ലോകത്തില്ലെന്ന ചിന്ത കളിക്കാരിലുണ്ടായെന്നും ഇത് ടീമിന്റെ തകർച്ചയ്ക്ക് കാരണമായെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വകാര്യ പോഡ്കാസ്റ്റിലായിരുന്നു യൂസഫിന്റെ പ്രതികരണം.

വിജയത്തിന് ശേഷം കളിക്കാരുടെ അച്ചടക്കത്തിൽ വലിയ ഇടിവുണ്ടായി. മുഖ്യ പരിശീലകൻ സംസാരിക്കുമ്പോൾ പോലും താരങ്ങൾ ഫോണിൽ നോക്കിയിരിക്കുകയോ മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടായി. ഇൻസമാം ഉൾപ്പെടെയുള്ള മുൻകാല ഇതിഹാസങ്ങൾ പരിശീലകരെ ബഹുമാനിച്ചിരുന്നെങ്കിൽ, ഇപ്പോഴത്തെ താരങ്ങൾ അനാദരവാണ് കാണിക്കുന്നത്. 2021ന് ശേഷം ഇന്ത്യയുമായുള്ള പോരാട്ടങ്ങൾ ഏകപക്ഷീയമായി മാറിയെന്നും പാകിസ്ഥാന്റെ നിലവാരം കൂപ്പുകുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാബർ അസമിന്റെ ഫോമില്ലായ്മയെക്കുറിച്ചും യൂസഫ് മനസ്തുറന്നു. ബാബറിന്റെ ബാറ്റിങ് സാങ്കേതികത മോശമായെന്നും മോശം ഫോമിലായിരുന്ന അദ്ദേഹത്തെ ടീമിൽ നിന്ന് മാറ്റാൻ താൻ നിർദ്ദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ അന്ന് ഇതിനെ എതിർത്തവർ തന്നെയാണ് ബാബറിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഉത്തരവാദികളെന്നും, ഇത്തരം ഇടപെടലുകൾ കാരണമാണ് താൻ ബാറ്റിങ് പരിശീലക സ്ഥാനം രാജിവെച്ചതെന്നും യൂസഫ് കൂട്ടിച്ചേർത്തു.

അതേസമയം, യൂസഫിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഷദാബ് ഖാൻ രംഗത്തെത്തി. മുൻ താരങ്ങൾ ഇതിഹാസങ്ങളാണെങ്കിലും ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും, 2021ൽ ആ നേട്ടം കൈവരിച്ചത് തങ്ങളാണെന്നും ഷദാബ് തിരിച്ചടിച്ചു. കളിക്കാരും മുൻ താരങ്ങളും തമ്മിലുള്ള വാക്‌പോര് പാക് ക്രിക്കറ്റിലെ ആഭ്യന്തര കലഹം കൂടുതൽ വഷളാക്കുകയാണ്.

Also read: